കേരള പോലീസിനെ കണ്ടുപഠിക്കാന്‍ ഒരുങ്ങി മൈക്രോസാഫ്റ്റ്

കേരള പൊലീസിന്റെ ഫേസ്ബുക്ക് ഇടപെടലുകള്‍ കണ്ട് പഠിക്കാനൊരുങ്ങുകയാണ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസാഫ്റ്റ്. പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനും നിയമപാലക സംവിധാനം ശക്തിപ്പെടുത്തുന്നതിനും നവമാദ്ധ്യമങ്ങളെ എങ്ങനെ ഉപയാഗപ്പെടുത്തുന്നുവെന്ന് വിലയിരുത്തുന്ന ഗവേഷണത്തിനാണ് ഇന്ത്യയില്‍ നിന്ന് കേരള പൊലീസിനെ തെരെഞ്ഞടുത്തിരിക്കുന്നത്.

ഫേസ്ബുക്കില്‍ കേരള പൊലീസ് നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് മൈക്രോസാഫ്റ്റിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാന്‍ കാരണമായത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പൊതുജനങ്ങളിലേക്കത്തിക്കുന്നതിന് ഫേസ്ബുക്ക് ഉപയോഗിക്കുക എന്ന ആശയത്തിന് കേരള പൊലീസിന്‌ ലഭിക്കുന്ന ജനപിന്തുണയും മൈക്രോസാഫ്റ്റ് പഠിയ്ക്കുന്നുണ്ട്. മൈക്രോസാഫ്റ്റ് ബംഗളൂരു ഗവേഷണകേന്ദ്രത്തിന്റെ കീഴിലാണ് പഠനം.

ഇതിന്റെ ഭാഗമായി ഗവേഷക ദുപ്ര ഡിനി ചാള്‍സ് പൊലീസ് ആസ്ഥാനത്തെത്തി സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ ഐജി മനോജ് എബ്രഹാമുമായും മീഡിയ സെല്‍ ഉദ്ദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ജനപ്രീതിയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പൊലീസ്, ക്വീന്‍സ് ലാന്‍ഡ് പൊലീസ് എന്നിവയെ പിന്നിലാക്കിയിരുന്നു. പുതുവത്സരത്തില്‍ 10 ലക്ഷം പേജ് ലൈകുകള്‍ എന്ന കേരള പൊലീസിന്റെ ലക്ഷ്യത്തിന്‌ പൊതുസമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് കിട്ടുന്നത്.

Top