ഭാര്യയെ പ്ലാസ്റ്റിക് കവറുപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നു; കാമുകനുമായി ഒന്നിച്ച് ജീവിക്കാന്‍ ഇന്ത്യക്കാരനായ ഭര്‍ത്താവ് ചെയ്തത്…

ലണ്ടന്‍: കാമുകനുമായി ഒന്നിച്ചു ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ പ്ലാസ്റ്റിക് കവറുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ചു ജീവിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യാക്കാരനെ യുകെ കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തി. ഇന്ത്യന്‍ വംശജ ജസ്സീക്കാ പട്ടേലിനെ ആണ് ഭര്‍ത്താവ് മിതേഷ് പട്ടേല്‍ കൊലപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഗുരുതരമായ മുറിവുകളോടെ വടക്കന്‍ ഇംഗ്ളണ്ടിലെ മിഡില്‍സ്ബറോയിലെ വീട്ടില്‍ ഈ മേയിലാണ് പോലീസ് ജസീക്കയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകക്കുറ്റം മിതേഷ് കോടതിയില്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഭാര്യയുടെ 20 ലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് കാമുകന്‍ ഡോ. അമിത് പട്ടേലുമായി ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു മിതേഷിന്റെ പദ്ധതി.

താന്‍ സംഭവത്തില്‍ നിരപരാധി ആണെന്നും വീട്ടില്‍ നടന്ന മോഷണത്തിന്റെ ഭാഗമായി നടന്ന കൊലപാതകമായിരുന്നു എന്നുമാണ് മിതേഷ് പറഞ്ഞത്. താന്‍ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയെ കസേരയില്‍ കൈകള്‍ ബാന്‍ഡേജ് കൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയതെന്നും പറഞ്ഞു. എന്നാല്‍ ഇന്‍സുലിന്‍ കുത്തിവെച്ച് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കൊണ്ടുവന്ന പ്ളാസ്റ്റിക്ക് കവര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞത്.

കൊല ചെയ്ത ശേഷം പട്ടേല്‍ തന്നെയായിരുന്നു ജസ്സീക്കയുടെ കൈകള്‍ കെട്ടിയത് എന്നതിന്റെ തെളിവ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഭാര്യയുമായി ചേര്‍ന്ന് നടത്തിയിരുന്ന ഫാര്‍മസിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മുമ്പില്‍ വെച്ച് തന്നെ പ്രിന്‍സ് എന്ന വ്യാജപ്പേരില്‍ മിതേഷ് പട്ടേല്‍ ഗ്രിന്‍ഡറില്‍ തന്റെ കാമുകനുമായി പതിവായി സംസാരിച്ചിരുന്നതായും കോടതി കണ്ടെത്തി. താന്‍ സ്വവര്‍ഗ്ഗരതിക്കാരന്‍ ആണെന്ന വിവരം ഇയാള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

Top