കഴുത്തില്‍ കൊന്തയിട്ട് ആത്മീയത പറഞ്ഞ് നാട് നീളെ മോഷ്ടിച്ചു,വാഹനമോഷണ കേസില്‍ അകത്തായ സ്വവര്‍ഗാനുരാഗിയായ മെര്‍ലിന്റെ കഥ ഇങ്ങനെ.

തിരുവനന്തപുരം: ആൺവേഷം കെട്ടി ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ പൊലീസിന്റെ പിടിയിലായ മെർലിൻ എന്ന് വിളിക്കുന്ന മേഴ്‌സി ജോർജിന്റെ തട്ടിപ്പിൽ അഗ്രഗണ്യയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പുരുഷ കേസരികളായ കള്ളന്മാരെ പോലും വെല്ലുന്നതാണ് മേഴ്‌സിയെന്ന 26കാരിയുടെ മോഷണ കഥകൾ. അമ്പലപ്പുഴ തിരുവമ്പാടി ബീച്ച് വാർഡിൽ ആറാട്ടുകുളങ്ങര വീട്ടിൽ മേഴ്‌സി ജോർജ് സ്‌കൂട്ടർ മോഷണക്കേസിലാണ് അറസ്റ്റിലായതെങ്കിലും പുറത്തുവരുന്ന കഥകൾ അതു മാത്രമല്ല. എല്ലാത്തരം തട്ടിപ്പും മേഴ്‌സിക്ക് നന്നായി വഴങ്ങുമായിരുന്നു. നിരവധി സ്ത്രീകളെ വശീകരിച്ച് ഇവർ തട്ടിപ്പുകൾക്കിരയാക്കിയതായി പൊലീസിന് സൂചന ലഭിച്ചു.
ജീൻസും പാന്റ്‌സുമണിഞ്ഞ മേഴ്‌സിയെ ഒറ്റനോട്ടത്തിൽ പെണ്ണാണെന്ന് ആരും പറയില്ല. പുരുഷന്മാരെപ്പോലെയാണ് നിൽപ്പും നടപ്പുമെല്ലാം. പറ്റെമുറിച്ച മുടി. കാതിൽ ചെത്ത് പയ്യന്മാരുടേതുപോലുള്ള കടുക്കൻ. കഴുത്തിൽ കൊന്ത. കട്ടിഫ്രെയിമുള്ള കണ്ണട. എല്ലാം കൊണ്ടും ആണായി ജീവിതം. സംസാരത്തിലോ പെരുമാറ്റത്തിലോ മാത്രമാണ് മേഴ്‌സി പെണ്ണാണെന്ന സത്യം പലരും അറിയുന്നത്. സമപ്രായക്കാരായ പെൺകുട്ടികൾക്ക് പോലും മേഴ്‌സിയുടെ വേഷപ്രച്ഛന്നത്തിൽ പണികിട്ടിയിട്ടുണ്ട്. പത്താംക്‌ളാസ് വരെ പഠിച്ച ഇവൾ സ്വഭാവവൈരുദ്ധ്യങ്ങളും പെരുമാറ്റ വൈകല്യങ്ങളുംമൂലം വീട്ടുകാരുമായി തെറ്റി. വീടുവിട്ടിറങ്ങുകയും ചെയ്തു. സ്വവർഗാനുരാഗം ലഹരിയായതോടെ അതിനെ എതിർത്ത വീട്ടുകാരെ ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീകളോട് അമിതതാൽപ്പര്യവും ആസക്തിയും കാട്ടുന്ന പ്രകൃതക്കാരിയായ മേഴ്‌സി അതിന് വേണ്ടിക്കൂടിയാണ് ആൺവേഷത്തിലേക്ക് മാറിയത്. നാണക്കേടോർത്ത് തട്ടിപ്പിനിരയായ സംഭവങ്ങൾ തുറന്നുപറയാൻ മടിക്കുന്നതിനാൽ സ്വവർഗാനുരാഗത്തിലൂടെയാണ് മേഴ്‌സി തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്. വീടുമായി ബന്ധം പുലർത്താതിരുന്ന ഇവൾ ആഴ്ചകളോളം കേരളത്തിലെ ചില മഠങ്ങളിലും ആശ്രമങ്ങളിലും കഴിഞ്ഞതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സ്‌കൂട്ടറുകൾ മേഴ്‌സിയുടെ ദൗർബല്യമാണ്. താക്കോൽ മറന്ന് ആരെങ്കിലും തന്റെ കൺമുന്നിൽ സ്‌കൂട്ടർ വച്ചുപോയാൽ മേഴ്‌സി അത് പൊക്കും. കൂട്ടൂകാരികളുമായി സ്‌കൂട്ടറിൽ കറങ്ങും. പൂട്ടാതെ വച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങളുമായി കടക്കുന്ന ഇവർ അവ ഏതെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ വച്ചശേഷം അവിടെ നിന്ന് ട്രെയിൻ കയറി അടുത്ത സ്ഥലത്ത് ഇറങ്ങുകയാണ് പതിവ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ പാർക്കുചെയ്തിരുന്ന കാട്ടാക്കട സ്വദേശിനി ലിനിറ്റയുടെ സ്‌കൂട്ടർ മോഷ്ടിച്ച കേസിലാണ് മേഴ്‌സി പൊലീസിന്റെ പിടിയിലായത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. മെഡിക്കൽ കോളേജിൽ സ്ഥിരമായി വന്നുപോകാറുണ്ടായിരുന്ന മേഴ്‌സി ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാർക്കുൾപ്പെടെ പരിചയക്കാരിയായിരുന്നു.
മോഷ്ടിച്ച സ്‌കൂട്ടറിൽ തമ്പാനൂരിലെത്തി സ്‌കൂട്ടർ അവിടെ വച്ചശേഷം എറണാകുളത്തേക്ക് കടന്ന മേഴ്‌സി അടുത്തയാഴ്ച വീണ്ടുമെത്തി ഇതേ സ്‌കൂട്ടറിൽ മെഡിക്കൽ കോളേജിലും പരിസരത്തും ചുറ്റിയടിച്ചു. സ്‌കൂട്ടർ മോഷണക്കേസിൽ കേസ് രജിസ്റ്റർ ചെയ്ത മെഡിക്കൽ കോളേജ് പൊലീസ് സിസി ടിവി ദൃശ്യങ്ങളിൽ മോഷണം പോയ സ്‌കൂട്ടറിന്റെ നമ്പർ പോലും മാറ്റാതെ നഗരത്തിൽചുറ്റികറങ്ങുന്നതായി മനസിലാക്കി.

 അങ്ങനെയാണ് പിടിവീണത്. യുവതിയുടെ സിസി ടിവി ദൃശ്യങ്ങൾപലരെയും കാണിച്ചപ്പോൾ മെഡിക്കൽ കോളേജിലെ ചില ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞു. അവരിലൊരാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന ഇവരെ തന്ത്രപൂർവ്വം വിളിച്ചുവരുത്തിയാണ് പിടികൂടിയത്.ജോലി തട്ടിപ്പിലും പ്രതിസ്ഥാനത്തുണ്ടെന്നാണ് പൊലീസ് സംശയം. രണ്ടുവർഷം മുമ്പ് തൃശൂർ ഈസ്റ്റിൽ പുത്തൻപള്ളിക്ക് സമീപം സംശയകരമായി കാണപ്പെട്ട യുവതിയെപ്പറ്റി ഒരു കന്യാസ്ത്രീ പൊലീസിന് നൽകിയ സൂചനയിൽ പിടിയിലായ മേഴ്‌സിയിൽ നിന്ന് ഡോക്ടറുടെ വ്യാജ ഐഡി കാർഡ് കണ്ടെത്തിയിരുന്നു. കൊട്ടിയത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ പേരിലുള്ള ഐ.ഡി കാർഡിൽ ഡോക്ടറാണെന്നാണ് മേഴ്‌സി അവകാശപ്പെട്ടിരുന്നത്. വ്യാജ ഐ.ഡി കാർഡുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചെന്നാരോപിച്ച് പൊലീസ് ചാർജ് ചെയ്ത കേസിൽ രണ്ട് മാസം റിമാന്റിൽ കഴിഞ്ഞ ഇവർ സ്വന്തം നിലയ്ക്ക് ജാമ്യത്തിലിറങ്ങിയതാണ്.
തൃശൂരിൽ ട്രെയിൻ തടഞ്ഞതിനും ഇവർക്കെതിരെ കേസുള്ളതായി റിപ്പോർട്ടുണ്ട്.എസ്.എസ്.എൽ.സി വരെ പഠിച്ച ഇവർ പലരോടും താൻ ബിരുദധാരിയാണെന്നും ഡോക്ടറാണെന്നും എൻജിനീയറാണെന്നുമാണ് പറഞ്ഞിരുന്നത്. മിലിട്ടറിയിൽ നഴ്‌സാണെന്നും ജൂനിയർ ഓഫീസറാണെന്നും പറഞ്ഞും കബളിപ്പിച്ചിട്ടുണ്ട്.
Top