ഭഗല്‍പുര :വീട്ടിനുള്ളിലെ മുറിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെതിരെ കൂടുതല്‍ തെളിവുകള്‍. ബിഹാറിലെ ഭഗല്‍പുരയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ചൊവാഴ്ച രാവിലെ നേഹ എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമീപത്തെ ഒരു കോളജില്‍ പിജി വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ. പെണ്‍കുട്ടിയുടെ മൃതദേഹത്തിലെ പല ഭാഗങ്ങളിലും പീഡനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നേഹയുടെ ഭര്‍ത്താവ് ദിനേശ് അറസ്റ്റിലാവുന്നത്.ഇയാളെ കൂടാതെ ദിനേശിന്റെ ചേട്ടനും ചേട്ടത്തിയമ്മയും സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ നേഹയ്ക്ക് ഈ വീട്ടില്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന കാര്യം യുവതി പലപ്പോഴും സ്വന്തം വീട്ടുകാരെ വാട്ട്‌സാപ്പില്‍ കൂടി അറിയിക്കാറുണ്ടായിരുന്നു. കൂടാതെ ഓംലെറ്റില്‍ ഗര്‍ഭിണിയാവാതിരിക്കാനുള്ള മരുന്ന് കലര്‍ത്തി തരാറുണ്ടെന്നും ഇത് യുവതിയെ കൊണ്ട് നിര്‍ബന്ധമായി കഴിപ്പിക്കാറുണ്ടെന്നും നേഹ സ്വന്തം വീട്ടുകാരോട് പറഞ്ഞിരുന്നു.മരുന്ന് കലര്‍ത്തിയ ഓംലെറ്റിന്റെ ചിത്രങ്ങളും നേഹ സഹോദരന് അയച്ചു കൊടുത്തിരുന്നു. ഈ തെളിവുകളുമായാണ് പൊലീസ് കുറ്റവാളികളെ കോടതിയില്‍ ഹാജരാക്കിയത്.