ടെക്സാസ്: ഓമനിച്ച് വളര്‍ത്തിയ പൂച്ചയെ തല്ലിയതിന് ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു. മേരി ഹാരിസണ്‍ എന്ന നാല്‍പ്പത്തേഴുകാരിയാണ് പിടിയിലായത്. ദല്ലാസിലുള്ള വീട്ടിലാണ് ഇവരുടെ ഭര്‍ത്താവ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന് വെടിയേറ്റതിന് പിന്നാലെ പൊലസിനെ വിളിച്ച് വിവരം പറഞ്ഞത് മേരി തന്നെയായിരുന്നു. പൊലീസ് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും നാല്‍പ്പത്തൊമ്പതുകാരനായ ഡെക്സ്റ്റര്‍ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മേരിയെ അറസ്റ്റ് ചെയ്തു.
കൗമാരക്കാരായ കുട്ടികള്‍ക്കൊപ്പം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ദമ്പതികള്‍ ദല്ലാസിലേക്ക് താമസത്തിനെത്തുന്നത്. ഏതാനു ദിവസങ്ങള്‍ക്ക് മുമ്പ് മേരി വളര്‍ത്തുന്ന പൂച്ചയെ കാണാതായിരുന്നു. ഇത് വീട്ടില്‍ തിരിച്ച് വന്നപ്പോള്‍ ഭര്‍ത്താവ് അടിച്ചോടിക്കാന്‍ ശ്രമിച്ചത് മേരിയുടെ ശ്രദ്ധയില്‍പെട്ടതാണ് പെട്ടന്നുണ്ടായ പ്രകോപനത്തിന് കാരണം. ഭര്‍ത്താവിനെ വെടിവച്ചത് താന്‍ തന്നെയാണെന്ന് മേരി പൊലീസിന് മൊഴി നല്‍കി. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.