യുവതിയും കാമുകനും ചേര്‍ന്ന് വരനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; കമിതാക്കളെ പിരിക്കാന്‍ നടത്തിയ ശ്രമത്തിന് ദാരുണാന്ത്യം

ഹൈദരാബാദ്: യുവതിയെ പ്രണയത്തില്‍ നിന്നകറ്റാന്‍ മറ്റൊരു വിവാഹം തീരുമാനിച്ചു. പ്രതിശ്രുത വരനെ വകവരുത്തി ഒന്നാകാന്‍ കമിതാക്കള്‍. വിവാഹത്തിന് രണ്ട് ദിവസം മുമ്പാണ് വധുവും കാമുകനും ചേര്‍ന്ന് പ്രതിശ്രുത വരനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തെലങ്കാനയില്‍ ജങ്കോണ്‍ ജില്ലയില്‍ മധറാം എന്ന സ്ഥലത്താണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമമെങ്കിലും വരന്റെ മൊഴി ഇരുവരെയും കുടുക്കി.

ബി. യകയ്യ എന്ന 22കാരനാണ് ആക്രമണത്തിന് ഇരയായത്. അതീവ ഗുരുതരമായി പൊളളലേറ്റ യുവാവ് തെലങ്കാനയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഫെബ്രുവരി 19ന് വൈകിട്ടാണ് സംഭവം നടന്നത്. ഇയാളുടെ വധു അരോജി അരുണയും കാമുകനും അകന്ന ബന്ധുവുമായ അരോജി ബാലസ്വാമിയും ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെ കുറിച്ച് രഘുനാഥപളളി പൊലീസ് പറഞ്ഞത് ഇങ്ങിനെ. ”ഫെബ്രുവരി 21 നാണ് അരുണയും യകൈയയും തമ്മിലുളള വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുന്‍പാണ് ഇരുവരുടെയും കുടുംബങ്ങള്‍ വിവാഹം നിശ്ചയിച്ചുറപ്പിച്ചത്. അരുണയ്ക്ക് അകന്ന ബന്ധുവായ ബാലസ്വാമിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് വേഗത്തില്‍ വിവാഹം നടത്താന്‍ മാതാപിതാക്കള്‍ ശ്രമം നടത്തിയത്.”

”മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അരുണ വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ പ്രണയബന്ധം ഒഴിയാന്‍ അരുണ തയ്യാറായിരുന്നില്ല. പിന്നീട് ഒരു തരത്തിലും അരുണയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് വന്നതോടെ യകൈയയെ വധിച്ച് തങ്ങളുടെ ആഗ്രഹപ്രകാരം ജീവിക്കാന്‍ അരുണയും ബാലസ്വാമിയും തീരുമാനിക്കുകയായിരുന്നു.”

”ഫെബ്രുവരി 18ന് യകൈയ വിവാഹശേഷം താമസിക്കാനായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങായിരുന്നു. ഇതില്‍ അരുണയും പങ്കെടുത്തു. തൊട്ടടുത്ത ദിവസം അരുണയുടെ വീടിന് സമീപത്തെത്താന്‍ യകൈയക്ക് അരുണ നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ചാണ് മധറാം എന്ന സ്ഥലത്ത് അരുണയുടെ വീടിന് സമീപം യകൈയ എത്തിയത്.”

”ഇവിടെ വച്ച് അരുണയുടെ സഹായത്തോടെ ബാലസ്വാമിയാണ് യകൈയയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇതിന് ശേഷം ഇരുവരും ഇവിടെ നിന്ന് മുങ്ങി. യകൈയ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇരുവരുടെയും ശ്രമം. എന്നാല്‍ യകൈയയുടെ മൊഴി ഇരുവരെയും കുടുക്കി,” പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജങ്കോണ്‍ – വാറങ്കല്‍ ദേശീയപാത ഉപരോധിച്ചു. അരുണയും ബാലസ്വാമിയും പിന്നീട് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

Top