ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ അവിശ്വസനീയ മുന്നേറ്റം നടത്തിയ ബിജെപി ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വോട്ടെണ്ണല്‍ തുടങ്ങിയ അവസരത്തില്‍ ഒരു ഘട്ടത്തില്‍ 84 സീറ്റില്‍വരെ മുന്നേറി നിന്നിരുന്ന ബിജെപി പിന്നീട് ക്രമേണ പുറകിലേക്ക് വരുകയായിരുന്നു.
150 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണമാണ് ബിജെപി നടത്തിയത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയ വന്‍ താരനിരകള്‍ തന്നെയായിരുന്നു ഹൈദരാബാദില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്തിയത്.
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസിനേയും അസദുദ്ദീന്‍ ഓവൈസിയുടെ എഐഎംഐഎമ്മിനേയും പിന്തള്ളി 150 സീറ്റുള്ള കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഈ അവകാശവാദം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ന് രാവിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ പുറത്ത് വന്നത്. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴായിരുന്നു ബിജെപിയുടെ മുന്നേറ്റം.
എന്നാല്‍ പോസ്റ്റല്‍ വോട്ട് കഴിഞ്ഞതിന് ശേഷം ബിജെപിയുടെ ലീഡ് നില ക്രമേണ കുറഞ്ഞു തുടങ്ങി. ഇപ്പോള്‍ 34 സീറ്റില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ തവണ വെറും നാല് സീറ്റ് മാത്രം നേടിയ ബിജെപിക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുന്നു.