ബ​സ് ത​ക​രാ​റി​ലാ​യി വ​ഴി​യി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ച് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ്  

ബസ് കേടായതിനെ തുടർന്ന് പരീക്ഷാകേന്ദ്രത്തിലെത്താൻ സാധിക്കാതിരുന്ന ഒരു കൂട്ടം വിദ്യാർഥിനികളെ അവിടെ എത്താൻ സഹായിച്ച പോലീസുദ്യോഗസ്ഥന് സോഷ്യൽമീഡിയായിൽ അഭിനന്ദനപ്രവാഹം. ഹെെദരാബാദിലെ മഹേന്ദ്ര ഹിൽസ് ഗവണ്‍മെന്‍റ് ജൂണിയർ കോളജിലെ നാൽപ്പത് വിദ്യാർഥികളാണ് പരീക്ഷാ ദിനത്തിൽ കോളജിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ബസ് കേടായതിനെ തുടർന്ന് കുടുങ്ങിപ്പോയത്. ഇതിനു സമീപം ഒരു പോലീസ് ചെക്ക്പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്.സമയത്ത് എത്താത്തതിനാൽ പരീക്ഷ എഴുതാൻ കഴിയുമോ എന്ന ഭയത്താൽ വിദ്യാർഥികളിൽ ഭൂരിഭാഗവും സമീപത്തുണ്ടായിരുന്ന ഓട്ടോയിൽ പരീക്ഷ കേന്ദ്രത്തിലേക്കു പോയി. എന്നിട്ടും എട്ടു വിദ്യാർഥിനികൾ അവിടേക്കു പോകുവാൻ സാധിക്കാതെ വഴിയിൽ കുടുങ്ങിപോകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മറേഡപ്പള്ളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീനിവാസലു സഹായഹസ്തവുമായി ഇവരെ സമീപിക്കുകയായിരുന്നു. പരീക്ഷാ കേന്ദ്രത്തിൽ കൃത്യ സമയത്ത് എത്തിക്കാമെന്ന് പറഞ്ഞെങ്കിലും പോലീസ് വാഹനമായതിനാൽ അതിൽ കയറാൻ വിദ്യാർഥിനികൾക്ക് മടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അവരെ നിർബന്ധിച്ചായിരുന്നു അവിടേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അവിടെ എത്താൻ അൽപം വൈകിയെങ്കിലും ഇൻസ്പെക്ടറുടെ അഭ്യർഥനയെ മാനിച്ച് പരീക്ഷ എഴുതാൻ അധികൃതർ അനുവാദം നൽകി. വിദ്യാർഥികളുമായി ഇൻസ്പെക്ടർ പോലീസ് വാഹനത്തിൽ പോകുന്നതിന്‍റെ ചിത്രം ഹെദരാബാദ് ട്രാഫിക് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലായി മാറുകയാണ്.

Top