ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍ രണ്ട് പുതിയ ഭാഷകള്‍ കണ്ടുപിടിച്ചു. വാല്‍മീകി, മാല്‍ഹാര്‍ എന്നീ ഭാഷകളാണ് പഞ്ചനന്‍ മൊഹന്തി എന്ന പ്രൊഫസര്‍ കണ്ടുപിടിച്ചിരിക്കുന്നത്. സ്‌കൂള്‍ ഓഫ് ഹ്യൂമാനിറ്റീസിന്റെ മുന്‍ ഡീന്‍ കൂടിയായിരുന്നു ഇദ്ദേഹം. ആന്ധ്രാപ്രദേശിലും ഒഡീഷയിലും സംസാരിച്ചിരുന്ന ഭാഷയാണ് വാല്‍മീകിയും മല്‍ഹാറും എന്നാണ് പ്രൊഫസര്‍ അവകാശപ്പെടുന്നത്. ”പ്രൊഫസര്‍ മൊഹന്തി ചില ഡാറ്റകള്‍ ശേഖരിക്കുകയും ഈ ഭാഷകളില്‍ പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. യുകെയില്‍ നടന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍ഡേജേര്‍ഡ് ലാംഗ്വേജിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഈ പേപ്പര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു”, സര്‍വകലാശാല പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. വാല്‍മീകി എന്ന ഭാഷയുടെ പേര് കൗതുകമുള്ളതാണ്. പുരാണത്തിലെ വാല്‍മീകി മഹര്‍ഷിയുടെ പേരില്‍ നിന്നാകാം ഈ ഭാഷ വന്നതെന്നാണ് സ്പീച്ച് കമ്മ്യൂണിറ്റി അവകാശപ്പെടുന്നതെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഒഡീഷയിലെ കോരപുട്ടിലാണ് വാല്‍മീകി ഭാഷ സംസാരിച്ചിരുന്നത്. ആന്ധ്രാപ്രദേശിലെ അതിര്‍ത്തി ജില്ലകളിലും വാല്‍മീകി ഭാഷ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഭുവനേശ്വറില്‍ നിന്ന് 165 കിലോമീറ്റര്‍ ദൂരെയുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് മാല്‍ഹാര്‍ ഭാഷ സംസാരിച്ചിരുന്നത്.
ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രൊഫസര്‍ കണ്ടുപിടിച്ചത് രണ്ട് പുതിയ ഭാഷകള്‍
Tags: HYDRABAD