ഐഎഎസാകാന്‍ ഉടുപ്പു തയ്പ്പിച്ചെത്തിയവര്‍ അഭിമുഖത്തില്‍ കുടുങ്ങി; കായസഞ്ചിയുമായെത്തിയ ഉദ്യോഗസ്ഥന്‍ ഐഎഎസുമായി മടങ്ങി

തിരുവനന്തപുരം: ഐഎസ്എസ് എന്ന മൂന്നക്ഷരം ലഭിക്കാന്‍ ഇത്രയും ചോദ്യത്തിനു ഉത്തരം വേണ്ടിവരുമെന്നു ആ ഉദ്യോഗസ്ഥര്‍ കരുതിയിരുന്നില്ല. മലവെള്ളപ്പാച്ചില്‍ പോലെ ചോദ്യങ്ങള്‍ വന്നപ്പോള്‍ പലരുടെയും ഐഎഎസ് പ്രതീക്ഷകള്‍ ഒലിച്ചു പോയി.
സംസ്ഥാന സര്‍വീസിലെ നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അഭിമുഖത്തില്‍ പൊതുവിജ്ഞാനം ഇ്ല്ലാത്തതിന്റെ പേരില്‍ ഐഎഎസ് ലഭിക്കാതെ പുറത്തായത്. ദാരിദ്ര്യരേഖ എന്നാലെന്ത് എന്ന ചോദ്യത്തിന് ഇവരില്‍ പലര്‍ക്കും ഉത്തരമില്ലായിരുന്നു. പദവിയുടെ ജാഡകളൊന്നുമില്ലാതെ, കായസഞ്ചി തൂക്കിയെത്തിയ ബി.എസ്. തിരുമേനി ഐ.എ.എസില്‍ കയറിപ്പറ്റി.
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കായി നീക്കിവച്ച ഒരു ഒഴിവിലേക്ക് ഇന്നലെ നടന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പല ചോദ്യങ്ങള്‍ക്കും വിചിത്രമായ മറുപടികളാണു നല്‍കിയത്. അഞ്ചു പേരാണ് അഭിമുഖത്തിനെത്തിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഇന്റര്‍വ്യൂ ബോര്‍ഡില്‍ യു.പി.എസ്.സി. അംഗങ്ങളടക്കം ആറു പേരുണ്ടായിരുന്നു. ദാരിദ്ര്യരേഖ എന്താണെന്നായിരുന്നു ഒരു ചോദ്യം. ഒരാളൊഴികെ ആര്‍ക്കും അതു നിര്‍വചിക്കാനായില്ല. കശ്മീര്‍ ഗവര്‍ണര്‍ ആരാണെന്നു ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ല. ആന്ധ്രാ മുഖ്യമന്ത്രിയുടെ കാര്യത്തിലും തഥൈവ. പാകിസ്താന്‍ പ്രധാനമന്ത്രി ആരെന്ന യു.പി.എസ്.സി. അംഗത്തിന്റെ ചോദ്യത്തിനു ബേനസീര്‍ ഭൂട്ടോ എന്നായിരുന്നു ഒരാള്‍ നല്‍കിയ ഉത്തരം. ഇതുകേട്ട യു.പി.എസ്.സി. അംഗം ഞെട്ടി. തുടര്‍ന്ന് അദ്ദേഹം തന്റെ പേര് അറിയാമോ എന്നു ചോദിച്ചു. അറിയില്ലെന്ന ഉത്തരമെത്തിയതോടെ ഇന്റര്‍വ്യൂ അവസാനിച്ചു.അഞ്ചു പേരില്‍ മെച്ചപ്പെട്ടയാളെന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് വിലയിരുത്തിയത് ഗ്രാമവികസന അഡീഷണല്‍ കമ്മിഷണര്‍ ബി.എസ്. തിരുമേനിയെയായിരുന്നു. ചെരുപ്പില്ലാതെ, മുണ്ടും ഷര്‍ട്ടും ധരിച്ച് സഞ്ചിയും തൂക്കി എത്തിയ തിരുമേനി എങ്ങനെ ഐ.എ.എസ്. ഉദ്യോഗസ്ഥനാകുമെന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു.
ജില്ലാ കലക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ തിരുമേനിക്ക് ആജ്ഞാശക്തിയുണ്ടാകില്ലെന്ന് യു.പി.എസ്.സി. അംഗം അഭിപ്രായപ്പെട്ടു. എങ്കിലും തമ്മില്‍ ഭേദമെന്ന നിലയ്ക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കാമെന്നു ചീഫ് സെക്രട്ടറി നിര്‍ദേശിക്കുകയായിരുന്നു.ഇന്റര്‍വ്യൂവിനെത്തിയ മിക്കവര്‍ക്കും പിന്നില്‍ കേന്ദ്രമന്ത്രി മുതല്‍ മന്ത്രിസഭ വരെയുള്ളവരുടെ ശിപാര്‍ശകള്‍ ഉണ്ടായിരുന്നു. പക്ഷേ, പൊതുവിജ്ഞാനമില്ലായ്മ ഇവരുടെ പ്രതീക്ഷകളെ തകിടംമറിച്ചു. വ്യവസായ വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി എ.ആര്‍. അജയകുമാര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പ്രമോദ്, ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. അജയന്‍ എന്നിവരാണ് ഐ.എ.എസിനായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയ മറ്റുള്ളവര്‍.

Top