കുഞ്ഞാലിക്കുട്ടിയ്ക്ക് അനുകൂലമായി നിയമോപദേശം നല്‍കാന്‍ താന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിഷേധിച്ച് എംകെ ദാമോദരന്‍. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ അന്വേഷണം അട്ടിമറിച്ച കേസില്‍ തന്നെ കുടുക്കാന്‍ വിഎസും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫും ഗൂഢാലോചന നടത്തിയെന്ന് എംകെ ദാമോദരന്‍ പറയുന്നു.
എം കെ ദാമോദരന് കോഴ നല്‍കി എന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഈ ആരോപണം നിഷേധിച്ചു കൊണ്ടാണ് വി എസ് -റൗഫ് ഗൂഡാലോചനയാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്ന് ദാമോദരന്‍ മൊഴി നല്‍കിയത്.
അതേസമയം പെണ്‍വാണിഭ കേസിലെ അട്ടിമറിയെ സംബന്ധിച്ച അന്വേഷണത്തില്‍ അപാകതയുണ്ട് എന്ന വിമര്‍ശനം ശക്തമാകുന്നു. റൌഫിന്റെ ആരോപണങ്ങള്‍ തള്ളിക്കളയാന്‍ വസ്തുതകളെ വളച്ചൊടിക്കുകയായിരുന്നു അന്വേഷണ സംഘം.
ഇന്ത്യാവിഷന്‍ ചീഫ് എഡിറ്റര്‍ ആയിരുന്ന എം പി ബഷീര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്‍, ദൃശ്യങ്ങള്‍ വ്യക്തമല്ല എന്ന കാരണം പറഞ്ഞാണ് അന്വേഷണസംഘം തള്ളിയത്. എന്നാല്‍, ആ വീഡിയോയില്‍ ഉള്‍പ്പെട്ട കെ സി പീറ്ററുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി സി ഡിയുടെ ആധികാരികത ഉറപ്പു വരുത്തുന്നതില്‍ പരാജയപ്പെട്ടു. മാത്രമല്ല ജസ്റ്റിസ് കെ തങ്കപ്പന് വിധിന്യായം തയ്യാറാക്കി നല്‍കി എന്ന് ആരോപണം നേരിടുന്ന അഡ്വക്കേറ്റ് അനില്‍ തോമസിന്റെയോ ഭാര്യയുടെയോ കൈയക്ഷരത്തിന്റെ സാമ്പിള്‍ പരിശോദിക്കാന്‍ പോലും അന്വേഷണ സംഘം മിനക്കെട്ടതുമില്ല. റജീന ഉള്‍പ്പടെയുള്ള ഇരകള്‍ക്ക് കേസ് കാലയളവില്‍ സാമ്പത്തിക ആസ്തിയില്‍ വന്‍തോതില്‍ ഉള്ള വര്‍ദ്ധനവ് ഉണ്ടായി എന്ന് പറയുന്ന അന്വേഷണ സംഘം പക്ഷെ എങ്ങനെ ആണ് ഇവര്‍ക്ക് ഇത്രയധികം പണം ലഭിച്ചത് എന്ന കാര്യത്തില്‍ മൌനം പാലിക്കുന്നു.
ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചെന്ന കേസില്‍ ആരോപണ വിധേയരായ കുഞ്ഞാലിക്കുട്ടിയും റൌഫുമടക്കം 142 സാക്ഷികളെ കണ്ടു വിശദമായ അന്വേഷണം ആണ് നടത്തിയത് എന്നാണ് അന്വേഷണസംഘം അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെയും മറ്റുള്ളവരുടെയും മൊഴിയില്‍ പറയുന്നത് കേട്ട് അത് എഴുതിയെടുക്കുന്ന സ്‌റെനോഗ്രാഫറുടെ ചുമതലയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വഹിച്ചത് എന്നതാണ് വി എസ് ക്യാമ്പില്‍ നിന്നും ഉയരുന്ന ആരോപണം. ഒരു രീതിയില്‍ കേസ് അന്വേഷിച്ചു തെളിയിക്കാന്‍ വേണ്ട ബോധപൂര്‍വ ശ്രമം അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ ദേശീയ ഏജന്‍സി കേസ് അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തു വരൂ എന്നും ഇവര്‍ വാദിക്കുന്നു.