അഞ്ച് വര്‍ഷം കൊണ്ട് കേരളം ആകെ അളന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് പതിച്ചു കൊടുത്ത ബ്രോക്കറാണ് ഉമ്മന്‍ചാണ്ടിയെന്ന് വിഎസ്

v-s-achuthananda

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടി ശരിയായ ബ്രോക്കറാണെന്ന് വിഎസ് പറയുന്നു. അഞ്ച് വര്‍ഷം കൊണ്ട് കേരളം ആകെ അളന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് പതിച്ചു കൊടുത്ത ബ്രോക്കറാണ് ഉമ്മന്‍ചാണ്ടിയെന്നാണ് പരിഹാസം.

മൂന്നടി മണ്ണ് ഭിക്ഷയായി യാചിച്ച വാമനന് മണ്ണ് അളന്ന് എടുക്കാന്‍ അനുവാദം നല്‍കിയ മഹാബലിയുടെ അവസ്ഥയിലാണ് മലയാളികള്‍. പാവം പോലെ വന്ന് യാചിച്ച് അധികാരം നേടിയ അഭിനവ വാമനന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി അഞ്ച് വര്‍ഷം
കൊണ്ട് കേരളം ആകെ അളന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് പതിച്ചു കൊടുത്തു. ഇനി അടുത്ത കാല്‍ നമ്മുടെ തലയില്‍ വയ്ക്കാനായി ഉയര്‍ത്തി പിടിച്ചിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ വന്‍കിട മുതലാളിമാര്‍ അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമി തിരിച്ചു പിടിക്കുകയും പാവപ്പെട്ടവര്‍ക്ക് ഭൂമി വിതരണം ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ സര്‍ക്കാര്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ഭൂമി മൊത്ത കച്ചവടം നടത്തുകയാണെന്നും വിഎസ് ആരോപിച്ചു.

ഞാന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും അങ്ങ് വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ‘നിങ്ങളല്ലേ കോഴിയെ കട്ടത് ?’ എന്ന് ചോദിക്കുമ്പോള്‍ ‘എനിക്ക് എരിവുളള കോഴിക്കറി ഇഷ്ടമല്ലെന്ന് അറിഞ്ഞു കൂടേ’ എന്ന മട്ടിലുളള മറുപടിയാണ് അങ്ങ് നല്‍കുന്നത്. ഇനിയും ഇതുവഴി വരല്ലേ… ഇത്തരം ഉഡായിപ്പുകളും തെളിച്ചു കൊണ്ടെന്നും പരിഹസിച്ചാണ് വിഎസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Top