രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വീതം വെച്ച് കെ പി സി സി ഭാരവാഹി പട്ടിക പൂർത്തിയാക്കി ! യുവാക്കള്‍ക്കും വനിതകള്‍ക്കും ദലിതര്‍ക്കും പ്രാതിനിധ്യം ഇല്ല;പുതുമുഖങ്ങള്‍ പലരും 60 വയസ് കടന്നവര്‍

ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരവാഹി പട്ടിക തയ്യാറായി. കെ പി സി സിക്ക് 60 വയസ് കടന്ന യുവത്വ നേതൃത്വമാൻ വീതം വെപ്പിന്റെ ബാക്കിപത്രം .യുവാക്കളെയും വനിതകളെയും പട്ടികയില്‍ നിന്നും വെട്ടിനിരത്തി ഗ്രൂപ്പ് മാനേജർമാർ ഇഷ്ടക്കാരെ തിരുകി കയറ്റി . 282 പേരുള്ള പട്ടികയില്‍ 60 വയസ് കഴിഞ്ഞ 10 പുതുമുഖങ്ങളുണ്ട്..സോളാർ ലൈംഗിക ബോംബിൽ തകർന്ന കോൺഗ്രസിന് യുവത്വ നേതൃത്വം .

പട്ടികയില്‍ 18 വനിതകളാണ് ഇടം പിടിച്ചിരിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 10 പേര് മാത്രമാണ് പട്ടികയിലുള്ളത്. കെ.മുരളീധരനുമായി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന വക്കം പുരുഷോത്തമനും ഇടം ലഭിച്ചില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ കെ.ശങ്കരനാരായണന്‍, എം.എം.ജേക്കബ് തുടങ്ങിയ നേതാക്കള്‍ പുതിയ പട്ടികയിലും ഇടം നേടിയെന്നത് ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പാണ് സംസ്ഥാനത്ത് നടന്നതെന്ന പരാതി ഇപ്പോള്‍ തന്നെ ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. എ ഗ്രൂപ്പിനാണ് പട്ടികയില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിനേക്കാള്‍ 22 പേരെ അധികം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. എംപിമാര്‍ നിര്‍ദ്ദേശിച്ച ചില പേരുകള്‍ സംസ്ഥാന നേതൃത്വം വെട്ടിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. യുവാക്കളെയും വനിതകളെയും അവഗണിച്ച കെ.പി.സി.സി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഡല്‍ഹി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പട്ടികയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്. ഗുജറാത്തില്‍ നിന്ന് ഇന്ന് മടങ്ങിയെത്തുന്ന രാഹുല്‍ ഇന്ന് കേരളത്തിന്റെ വിഷയങ്ങള്‍ പരിശോധിച്ചേക്കും. സോളാര്‍ വിവാദവും കേസുകളും കത്തി നില്‍ക്കുന്ന സമയത്ത് ഹൈക്കമാന്‍ഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടിക ഏത് രീതിയില്‍ ദേശീയ നേതൃത്വം പരിഗണിക്കുമെന്നാണ് ഇനി അറിയേണ്ടത്.

അതേസമയം പിസിസി അംഗങ്ങളെ തെരഞ്ഞെടുത്തു രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നല്‍കിയ അവസാന ദിവസമാണ് ഇന്ന്. കേരളത്തിന്റെ പങ്കാളിത്തം ഇല്ലാതെ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് സമിതി താക്കീത് നല്‍കിയിരിക്കുന്നത്. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തും.

ചര്‍ച്ചകളില്‍ സമവായത്തില്‍ എത്താത്തതിനാല്‍ കേരളത്തില്‍ ഇതുവരെ കെപിസിസി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല. നിരവധി തവണ സമയം നീട്ടിനല്‍കിയിട്ടും പട്ടികയില്‍ സമവായമാകാത്തതില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് അതൃപ്തി ഉണ്ട്. കേരള നേതാക്കളെയും എംപിമാരെയും ഒരുമിച്ചിരുത്തി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചര്‍ച്ചകള്‍ക്കായി രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ എത്തുന്നത്. ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ടു പോകാനാണ് തെരഞ്ഞെടുപ്പു സമിതിയുടെ തീരുമാനം. കേരളത്തിന്റെ പങ്കാളിത്തം ഇല്ലാതെ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കും. കേരളം ഒഴികെയുള്ള എല്ലാ പിസിസികളും ജനറല്‍ ബോഡി കൂടുകയും രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കുകയും ചെയ്തു. ചില ലോക്‌സഭാ മണ്ഡലങ്ങളിലെ ഏതാനും പേരുകളെ ചൊല്ലിയാണ് ഇപ്പോഴും തര്‍ക്കം തുടരുന്നത്. കൂടിയാലോചനയില്ലാതെയാണു പട്ടിക തയാറാക്കിയതെന്ന് എംപിമാര്‍ ആരോപണം ഉന്നയിച്ചതോടെയാണു കെപിസിസി നല്‍കിയ പട്ടിക തെരഞ്ഞെടുപ്പു സമിതി തടഞ്ഞു വച്ചത്.

Top