സതീശന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം !! , കൈയോടെ പിടിച്ച് കെ സുധാകരന്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം നടന്നുവെന്ന സംസാരത്തിന് പിന്നാലെ പരിശോധനയ്ക്ക് ആളെ അയച്ച് കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍. കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന അവസരത്തിലാണ് ഈ സംഭവം.

ഇന്നലെ രാത്രി പത്തോടെയാണ് കെപിസിസി സംഘം കന്റോണ്‍മെന്റില്‍ എത്തിയത്. അപ്പോള്‍ അവിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നും ‘വെറുതെ ഒന്ന് ഇരുന്നതാണെ’ന്നുമാണു യോഗത്തിലുണ്ടായിരുന്ന നേതാക്കളുടെ വിശദീകരണം. എന്നാല്‍ ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം.

കന്റോണ്‍മെന്റ് ഹൗസില്‍ നേതാക്കള്‍ തമ്പടിച്ചിട്ടുണ്ടെന്നറിഞ്ഞ് ഇന്നലെ രാത്രി പത്തോടെയാണു കെ.സുധാകരന്‍ പരിശോധിക്കാന്‍ ആളെ വിട്ടത്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു സംഘത്തില്‍. അകത്തുണ്ടായിരുന്ന നേതാക്കളില്‍ മിക്കവരും ഇവര്‍ എത്തിയതോടെ പല വാതിലുകള്‍ വഴി പുറത്തിറങ്ങി. ചുരുക്കം ചിലര്‍ മുന്‍വാതിലിലൂടെയും പുറത്തിറങ്ങി.

ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം.വാഹിദ്, വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്.

ചേര്‍ന്നതു ഗ്രൂപ്പ് യോഗമല്ലെന്നും പ്രതിപക്ഷ നേതാവിന്റെ സൗകര്യമനുസരിച്ച് അദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. ഇന്നലെ നിയമസഭയുണ്ടായിരുന്നതിനാല്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കു പകല്‍ പ്രതിപക്ഷ നേതാവിനെ കിട്ടിയിരുന്നില്ല. പ്രതിപക്ഷ നേതാവിനെ പ്രധാന നേതാക്കള്‍ കാണുന്നതിനു ഗ്രൂപ്പ് യോഗത്തിന്റെ പരിവേഷം നല്‍കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ കെപിസിസി നേതൃത്വം ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. അടുത്തിടെ കോഴിക്കോട്ടും കോട്ടയത്തും എ ഗ്രൂപ്പിന്റെ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഡിസിസി പുനഃസംഘടനാ ചര്‍ച്ചകളുടെ അന്തിമഘട്ടത്തില്‍ നില്‍ക്കേ ഇത്തരത്തില്‍ യോഗം ചേരുന്നത് അച്ചടക്കലംഘനവും ഗൂഢാലോചനയുമായാണു കെപിസിസി നേതൃത്വം കാണുന്നത്.

ഗ്രൂപ്പിന് അതീതര്‍ എന്ന പ്രതിഛായയോടെ വന്നവര്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നുവെന്ന വികാരമാണുള്ളത്. ഇക്കാര്യം ഇന്നു തിരുവനന്തപുരത്തുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയില്‍പെടുത്തും. ആറുമാസംകൊണ്ടു പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പുനഃസംഘടന വല്ലാതെ വൈകുന്നതിന്റെ നിരാശ കെപിസിസി പ്രസിഡന്റിനുണ്ട്.

ചില നേതാക്കള്‍ പുനഃസംഘടന വച്ചുനീട്ടാന്‍ ചരടുവലിക്കുന്നത് എഐസിസി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനു മുന്‍പ് ജില്ലകളില്‍ പുതിയ നേതൃത്വം വരുന്നതു തടയാനാണെന്നും കരുതുന്നു. ഇപ്പോള്‍ ചേരുന്ന സമാന്തര യോഗങ്ങളെ ഇതിനുള്ള ആസൂത്രണമായിക്കൂടിയാണു കെപിസിസി നേതൃത്വം കാണുന്നത്.

Top