അധികാരത്തിലേറിയ മൂന്നിടത്തും കോണ്‍ഗ്രസ് വിയര്‍ക്കുന്നു!! കാര്‍ഷിക കടം എഴുതിത്തള്ളിയത് പാരയാകും

അധികാരത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ വിയര്‍ക്കുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതാണ് സര്‍ക്കാരിന് പണിയായത്. കൂടാതെ അധികാരമൊഴിഞ്ഞ ബിജെപി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയതിന്റെ 70% തുകയും ഇതിനോടകം ചെലവഴിച്ചതും കോണ്‍ഗ്രസിന് പാരയാകുകയാണ്. കര്‍ഷകരുടെ വായ്പകളാണ് മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ഗ്രാമീണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക കടങ്ങളാണ് ഛത്തീസ്ഗഡില്‍ എഴുതിത്തള്ളിയത്.

ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ 35,000- 38,000 കോടിയും രാജസ്ഥാനില്‍ 18,000 കോടിയും ഛത്തീസ്ഗഡില്‍ 6,100 കോടി രൂപയും സര്‍ക്കാരുകള്‍ക്കു അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും മൂന്നു മാസം മാത്രം ശേഷിക്കെ ഇതു വരുത്തുന്ന ഭാരം ചില്ലറയായിരിക്കില്ലെന്നാണു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. മുന്‍ സര്‍ക്കാരുകള്‍ ബജറ്റ് തുകയുടെ മുക്കാല്‍ ശതമാനത്തോളം ചെലവഴിച്ചതും പുതിയ സര്‍ക്കാരിന് വിനയാകും.

ഓരോ കുടുംബത്തിലെയും തൊഴിലില്ലാത്ത ഒരാള്‍ക്ക് 3,500 മുതല്‍ 10,000 രൂപ വരെ അലവന്‍സ് നല്‍കുമെന്നത് മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. തൊഴില്‍രഹിത വേതനം നല്‍കുമെന്നു ഛത്തീസ്ഗഡ് പ്രകടനപത്രികയിലും ഉണ്ടായിരുന്നു. ഇതുകൂടാതെ വൈദ്യുതി നിരക്കിലെ ഇളവ്, സൗജന്യ വിദ്യാഭ്യാസം, മരുന്നു തുടങ്ങിയവും മൂന്നു സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് വാഗ്ദാനങ്ങളായിരുന്നു. ഛത്തീസ്ഗഡില്‍ മദ്യനിരോധനവും കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനെല്ലാമുള്ള വരുമാനം എങ്ങനെ കണ്ടെത്തുമെന്നതാണ് പാര്‍ട്ടിയെ കുഴയ്ക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ്, പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്.സ്വാമിനാഥന്‍ എന്നിവരാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ പ്രതികരിച്ച പ്രമുഖര്‍. രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന രീതി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇരുവരുടെയും വാദം.

Top