കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ തുടരുന്ന അനിശ്ചിതത്വത്തിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം യൂത്ത് ലീഗ് . തീരുമാനം വൈകുന്നത് പ്രവർത്തകരിൽ നിരാശയും അതൃപ്തിയും സൃഷ്ടിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വർ അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രവർത്തകർ വലിയ ആവേശത്തിലായിരുന്നുവെങ്കിലും, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാൽ ആ ആവേശത്തിനൊത്ത് ആഘോഷിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് അണികളുടെ വികാരമെന്നും വൈകുന്നത് സംഘടനയ്ക്കുള്ളിൽ അസ്വസ്ഥത വർധിപ്പിക്കുകയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നതാണ് മുസ്ലിം ലീഗിന്റെ പാരമ്പര്യമെന്നും, വൈകിയെങ്കിലും ജനങ്ങൾക്ക് സ്വീകാര്യനായ നേതാവായിരിക്കും മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒൻപത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത സാഹചര്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് പാണക്കാട്ട് ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെ നിലപാടിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനം ചർച്ച ചെയ്യും.
മുസ്ലിം ലീഗിന്റെ നിലപാടിനോട് യോജിക്കാത്ത തീരുമാനമാണ് കോൺഗ്രസ് കൈക്കൊള്ളുന്നതെങ്കിൽ തുടർനടപടികൾ എന്താകണമെന്നതും യോഗത്തിൽ വിലയിരുത്തും. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരാൾ മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനെതിരെ ലീഗിലെ എംഎൽഎമാരടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യവും നിലവിലുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പും ലീഗ് നേതാക്കൾ നൽകുന്നുണ്ട്.’










