അവിശ്വാസ പ്രമേയവുമായി സ്വന്തം പാര്‍ട്ടിക്കാര്‍: പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവെച്ചു

സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അവിശ്വാസ പ്രമേയവുമായി രംഗത്തു വന്നതിനെത്തുടര്‍ന്ന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവെച്ചു. കോണ്‍ഗ്രസുകാരിയായ ചെയര്‍പേഴ്സണ്‍ രജനി പ്രദീപിനെതിരെ, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് രംഗത്തെത്തിയത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രജനി രാജി പ്രഖ്യാപിക്കുകയായിരുന്നു.

രണ്ടര വര്‍ഷത്തേക്കാണ് രജനി പ്രദീപിന് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കിയത് എന്നാല്‍ എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും രജനി രാജിവെക്കാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയുടെയും ഡിസിസിയുടെയും അനുമതിയോടെ രജനി പ്രദീപിനെതിരെ രംഗത്തു വരികയായിരുന്നു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. 31 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 22 അംഗങ്ങളാണ് ഉള്ളത്. എല്‍ഡിഎഫ് തീരുമാനം പ്രഖ്യാപിച്ചതോടെ, രജനിയെ അനുകൂലിച്ചിരുന്ന കോണ്‍ഗ്രസുകാരും മറുകണ്ടം ചാടുകയായിരുന്നു. ഇതോടെയാണ് രജനി പ്രദീപ് രാജിവെക്കാന്‍ നിര്‍ബന്ധിതയായത്.

എന്നാല്‍ രണ്ടര വര്‍ഷം കാലാവധി സംബന്ധിച്ച് കരാര്‍ വ്യവസ്ഥ തനിക്ക് അറിയില്ലായിരുന്നുവെന്ന് രജനീ പ്രദീപ് രാജി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതുകൊണ്ടാണ് നേരത്തെ രാജിവെക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു.

Latest
Widgets Magazine