ബാര്‍ കോഴയുടെ സൂത്രധാരന്മാര്‍ കൈകോര്‍ക്കുന്നു; അടൂര്‍ പ്രകാശ് ബിജു രമേശുമായി വിവാഹകരാറില്‍ ഒപ്പുവെക്കുന്നു

Dr. Biju Ramesh

തിരുവനന്തപുരം: ബാഴ കോഴ വിവാദത്തില്‍ മുങ്ങി നിന്ന രണ്ട് താരങ്ങള്‍ ഇനി കൈകോര്‍ക്കുന്നു. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ ബാര്‍ ഉടമാ നേതാവ് ബിജു രമേശിന്റെ മകളെ വിവാഹം ചെയ്യാന്‍ പോകുന്നു. ബാര്‍ കോഴയുടെ സൂത്രധാരന്മാരായ ഇരുവരും ഇനി ബന്ധുക്കളായിരിക്കും. ബാര്‍ കോഴ വിവാദം ഉയരുന്നതിന് മുമ്പ് തന്നെ ഇരുവരുടെയും വിവാഹം തിരുമാനിച്ചിരുന്നുവെന്നാണ് പറയുന്നത്.

എന്തായാലും വിവാഹം മറ്റൊരു വിവാദത്തിന് കൂടി തിരി കൊളുത്തുമെന്നുറപ്പ്. മൂന്ന് പേരായിരുന്നു ബാര്‍ കോഴ ആരോപണത്തില്‍ പെട്ടത്. അടൂര്‍ പ്രകാശും, പിസി ജോര്‍ജ്ജും ബിജു രമേശുമായിരുന്നു ആ മൂന്ന് വ്യക്തികള്‍. അടൂര്‍ പ്രകാശുമായി ഉള്ളത് അടുപ്പം മാത്രമാണെന്നായിരുന്നു ബിജു രമേശ് പ്രതികരിച്ച് പോന്നത്. ഇരുവരുടെയും മക്കള്‍ തമ്മിലുള്ള വിവാഹ നിശ്ചയം മറ്റൊന്നാള്‍ നടക്കും.

തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ പഞ്ചനക്ഷത്ര വിവാഹ മണ്ഡപമായ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവിഐപി വിവാഹ നിശ്ചയം. കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളേയും അണിനിരത്തി അടിപൊളി പരിപാടിയാണ് അടൂര്‍ പ്രകാശും ബിജു രമേശും ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും അടക്കമുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരില്‍ ആരൊക്കെ വിവാഹ നിശ്ചയത്തിന് എത്തുമെന്നതാണ് ശ്രദ്ധേയം. വ്യക്തിപരമായി ചടങ്ങിനെ കണ്ട് മറ്റ് വിവാദങ്ങള്‍ മറന്ന് വേദിയിലെത്താനാണ് നേതാക്കളില്‍ പലരുടേയും തീരുമാനമെന്നാണ് സൂചന.

തന്റെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങള്‍ ഉയര്‍ത്തിയ വിവാഹ നിശ്ചയത്തിന് ഉമ്മന്‍ ചാണ്ടി എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. വധുവിന്റെ അച്ഛനാണ് ബിജു രമേശ്. അതുകൊണ്ട് തന്നെ ചടങ്ങിലെ ആതിഥേയന്‍ ബിജു രമേശാണ്. ഇത് ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയുമെല്ലാം വെട്ടിലാക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാറിനെ വ്യക്തിപരമായി ആക്രമിക്കുന്ന ആരോപണും ബിജു രമേശ് ഉയര്‍ത്തിയിരുന്നു.

അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജു ഉയര്‍ത്തിയ ആരോപണങ്ങള്‍ ഉണ്ടാക്കിയ കോട്ടം യുഡിഎഫ് നേതാക്കള്‍ക്ക് മറക്കാന്‍ കഴിയില്ല. എന്നാല്‍ വരന്‍ അടൂര്‍പ്രകാശിന്റെ രണ്ടാമത്തെ മകനാണ്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായിരുന്ന ഒരാളുടെ വീട്ടിലെ ചടങ്ങ് എങ്ങനെ ഒഴിവാക്കുമെന്ന ചോദ്യവും ബാക്കിയാകുന്നു. വിവാഹ നിശ്ചയത്തിന് പോയില്ലെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന കല്ല്യാണം ഒഴിവാക്കാന്‍ കഴിയുകയുമില്ല. കല്ല്യാണമാകുമ്പോഴേക്ക് യുഡിഎഫ് നിയമസഭാ തോല്‍വിയെ കുറിച്ച് മറക്കും. അപ്പോള്‍ പിന്നെ പ്രശ്നമുണ്ടാകില്ലെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളും ഉണ്ട്. സംസ്ഥാനത്തെ എല്ലാ ബാറുടമകളേയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

ചില പ്രമുഖ എഐഎഡിഎംകെ നേതാക്കളും ചടങ്ങിനെത്തുമെന്നും സൂചനയുണ്ട്. മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ജയലളിതാ മന്ത്രിസഭയില്‍ അംഗവുമായ പനീര്‍സെല്‍വം എത്തുമെന്നും സൂചനയുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണന്‍. എന്നാല്‍ അടൂരില്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബിസിനസ് നോക്കി നടത്തുകയാണ് അജയ് കൃഷ്ണന്‍. ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘാ ബി രമേശ്.

Top