കോണ്‍ഗ്രസിനെ പുറത്താക്കി യുപിയില്‍ രാഷ്ട്രീയ സഖ്യം; എസ്പി – ബിഎസ്പി കൂട്ടുകെട്ട് ബിജെപിയെ തൂത്തെറിയും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉത്തര്‍പ്രദേശില്‍ വിശാലസഖ്യ സാധ്യതകള്‍ അടച്ച് ബിഎസ്പിയും എസ്പിയും. ഇതോടെ തനിച്ചു മല്‍സരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും ചേര്‍ന്നു സഖ്യധാരണ പ്രഖ്യാപിച്ചു. ഇതില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കിയിരുന്നു.

ജനുവരി 15 ന് ബിഎസ്പി നേതാവ് മായാവതിയുടെ പിറന്നാള്‍ ദിനത്തില്‍ ലക്‌നൗവില്‍ വിളിച്ചുചേര്‍ത്ത മുന്നണി നേതാക്കളുടെ യോഗത്തിലേയ്ക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടില്ല. അതേസമയം യുപിയിലെ ലോക്‌സഭാ സീറ്റുകളിലേക്കു സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൂടിയാലോചനകള്‍ ഉടന്‍ തുടങ്ങും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബര്‍ 10 ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ നിന്ന് ബിഎസ്പിയും എസ്പിയും വിട്ടുനിന്നിരുന്നു. യുപിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 15 സീറ്റുകള്‍ നല്‍കിയാല്‍ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം 50 സീറ്റുകള്‍ വരെ നേടുമെന്നാണ് എബിപി സര്‍വേ പറയുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിന് കേവല ഭൂരിപക്ഷം കിട്ടില്ലെന്നും സര്‍വേ പറയുന്നു.

ബിജെപി കേവല ഭൂരിപക്ഷത്തിലെത്തിയില്ലെങ്കിലും 247 സീറ്റുകള്‍ നേടുമെന്നാണ് എബിപി സര്‍വേ പ്രവചിക്കുന്നത്. സഖ്യ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് അമേഠിയും റായ്ബറേലിയും മാത്രമാണ് എസ്പിയും ബിഎസ്പിയും കനിഞ്ഞുനല്‍കിയത്. അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. എസ്പി-ബിഎസ്പി സഖ്യം ഒരു സത്യമായാല്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് സര്‍വേ പറയുന്നു. എബിപി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വേ ഫലത്തിലാണ് എസ്പി-ബിഎസ്പി സഖ്യം ബിജെപിക്കു വന്‍ തിരിച്ചടിയാകുമെന്നു പ്രവചിക്കുന്നത്.

എസ്പി-ബിഎസ്പി സഖ്യം ലക്ഷ്യം കണ്ടില്ലെങ്കില്‍ അഥവാ അടിച്ചു പിരിഞ്ഞാല്‍ 291 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു. അഖിലേഷും മായാവതിയും കൈ കൊടുത്തു സഖ്യത്തിലായാല്‍ ബിജെപി മുന്നണിക്ക് 247 സീറ്റ് കിട്ടും. ഭൂരിപക്ഷത്തിന് 25 സീറ്റ് അകലെ ബിജെപി വീഴുമെന്നു ചുരുക്കം. 2014ല്‍ യുപിയിലെ 80 ലോക്സഭാ സീറ്റുകളില്‍ 71 ഇടത്തും ബിജെപി സഖ്യമാണു ജയിച്ചത്. എസ്പിയും ബിഎസ്പിയും ഒന്നിച്ചു നിന്നാല്‍ 50 സീറ്റിനടുത്ത് ഇരുകക്ഷികളും നേടുമെന്നാണ് സര്‍വേ വിശദമാക്കുന്നത്.

Top