ആറിൽ തോറ്റു, ദോശമാവ് കച്ചവടം, ഇന്ന് ആസ്തി 120 കോടി രൂപ!

പറഞ്ഞുവരുമ്പോള്‍, വമ്പന്‍ കമ്പനികളില്‍ ടെക്കിയായിരുന്നു മുസ്തഫ. എന്നാല്‍ ആളിന്റെ തലവര മാറ്റിയത് ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്ന മാവിന്റെ കച്ചവടമാണ്. പുതിയൊരു ബിസിനസ് ചെറിയ രീതിയില്‍ ആരംഭിക്കുമ്പോള്‍ വയനാട്ടിലെ പത്തായക്കോടന്‍ മുസ്തഫയോടൊപ്പം കായക്കണ്ടി നാസറും സഹോദരങ്ങളും ഉണ്ടായിരുന്നു. ബെംഗളൂരുവിലെ ഒറ്റമുറിയിലെ ഗ്രൈന്‍ഡറില്‍ അരച്ചുണ്ടാക്കിയ മാവില്‍നിന്നു തുടങ്ങിയ സംരംഭം ഇന്ന് പ്രതിവര്‍ഷം ഇരുനൂറു കോടിയിലധികം രൂപയുടെ ഇഡ്‍ഡലി, ദോശ മാവ് വില്‍പന നടത്തുന്ന ‘ഐഡി’ എന്ന കമ്പനിയായി മാറിയിരിക്കുന്നു. ഏറ്റവും പോഷകപ്രദവും ആരോഗ്യദായകവുമായ ഭക്ഷണമെന്ന രീതിയില്‍ ഇഡ്ഡലിയെ ലോകമാകെ പ്രചരിപ്പിക്കാനുള്ള വിപുലമായ പദ്ധതിയിലാണിവര്‍.id-jpg

ആറാം ക്ലാസില്‍ തോറ്റു; പിന്നെ മോട്ടറോളയില്‍ ടെക്കിയായി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്കൂളില്‍ പഠനത്തില്‍ പിന്നിലായിരുന്നു മുസ്തഫ. ആറാം ക്ലാസില്‍ തോറ്റു. പത്താം ക്ലാസ് കഷ്ടിച്ചു കടന്നുകൂടി. പിന്നെ ഫറൂഖ് കോളജില്‍നിന്നു പ്രീ‍ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് പാസായി. പിന്നീട് കോഴിക്കോട് എന്‍ഐടിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് പാസായി. അവിടെനിന്നു ബാംഗ്ലൂരില്‍ മോട്ടറോള ഇന്ത്യയില്‍ ചേര്‍‍ന്നു. പിന്നെ മോട്ടറോളയുടെതന്നെ അയര്‍ലന്‍ഡിലെ ഓഫിസിലേക്ക്. അവിടെനിന്നു ദുബായില്‍ സിറ്റിബാങ്കിന്റെ ടെക് വിഭാഗത്തില്‍ ചേര്‍ന്നു. എന്തൊക്കെയായാലും ജന്മനാടിന്റെ പച്ചപ്പും ഹരിതാഭയും ഊഷ്മളതയുമെല്ലാം മറ്റെല്ലാ പ്രവാസികളെയും പോലെ മുസ്തഫയെയും മാടി വിളിച്ചു കൊണ്ടിരുന്നു ആ വിളി മുസ്തഫയെ വീണ്ടും ബാംഗ്ലൂരില്‍ എത്തിച്ചു.തുടക്കത്തില്‍ മുസ്തഫയ്ക്ക് പാര്‍ട് ടൈം
ഒരു പാര്‍ട് ടൈം വരുമാനം എന്ന രീതിയിലാണ് മുസ്തഫ ഇഡ്ഡലി, ദോശ മാവുവില്‍പന ആരംഭിക്കുന്നത്. അമ്മാവന്റെ മക്കളായ നാസറും ഷംസുവും ജാഫറും നൗഷാദും ഒപ്പമുണ്ടായിരുന്നു. അന്‍പതിനായിരം രൂപ ചെലവില്‍ തിപന്‍സന്ദ്രയില്‍നിന്നാണ് ബിസിനസ് യാത്ര ആരംഭിക്കുന്നത്. മുസ്തഫയുടെ കസിന്‍സിന് അവിടെ പലചരക്കുകടയുണ്ടായിരുന്നു. ‘അന്നു റബര്‍ ബാന്‍ഡ് കൊണ്ടൊക്കെ കെട്ടി പ്ലാസ്റ്റിക് കവറുകളിലായിരുന്നു മാവ് വിറ്റിരുന്നത്. വാരാന്ത്യങ്ങളിലായിരുന്നു കൂടുതല്‍ ഡിമാന്‍ഡ്. പക്ഷേ അവയ്‌ക്കൊന്നും വേണ്ടത്ര ഗുണമേന്മ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിപണിയില്‍ അവയ്ക്കു വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. അങ്ങനെയാണ് ‘ഇഡ് ഫ്രെഷ്’ എന്നൊരാശയം വന്നത്’- മുസ്തഫ പറയുന്നു.

അങ്ങനെ കസിന്‍സിന്റെ സ്ഥലത്ത് ഫാക്ടറി ആരംഭിച്ചു. ഇന്ദിരാനഗറിനു ചുറ്റുമുള്ള പത്തു സ്റ്റോറുകളിലായിരുന്നു ആദ്യ ട്രയല്‍. ഒരു ദിവസം നൂറു പാക്കറ്റ് എന്ന വില്‍പ്പനനിരക്കിലെത്താന്‍ ഒരു വര്‍ഷമെടുത്തു. ഈ സമയത്താണ് ജോലി വിട്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരില്‍ (ഈീമ്മ്-ബ്ബ്) എംബിഎ പഠനം തുടരാന്‍ മുസ്തഫ ആലോചിക്കുന്നത്.
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് എന്നല്ല ബോര്‍ഡ് ഓഫ് കസിന്‍സ് ആണ് ഈ സ്ഥാപനം നടത്തുന്നതെന്നു പറയാം. ഈ അഞ്ചു പേര്‍ ചേര്‍ന്നു തുടങ്ങിയ സംരംഭത്തില്‍ ഇപ്പോള്‍ ആയിരത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. പത്തുവര്‍ഷം മുന്‍പ് ഇരുപതോ മുപ്പതോ മാവ് പായ്ക്കറ്റുകള്‍ മാത്രം വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വില്‍ക്കുന്നത് ദിനംപ്രതി 50,000 പായ്ക്കറ്റ്. അതായത് ഒരു പായ്ക്കറ്റില്‍ നിന്ന് 20 ഇഡ്ഡലി എന്ന കണക്കനുസരിച്ച്, ഇവരുടെ മാവുപയോഗിച്ച് അടുക്കളകളില്‍ ഒരു ദിവസം ചുട്ടുകൂട്ടുന്നത് പത്തുലക്ഷത്തോളം ഇഡ്ഡലി. ചിലപ്പോള്‍ അതു ദോശയുമാകാം.>
ബെംഗളൂരു മുതല്‍ ദുബായ് വരെ
ബെംഗളൂരുവിലാണ് ഐഡി ഫ്രഷ് തുടങ്ങിയതെങ്കിലും പിന്നീട് മൈസൂര്‍, മുംബൈ, ചെന്നൈ, ഹൈദരാബാദ്, മംഗളൂരു, പുണെ എന്നിവിടങ്ങളിലും ദുബായിലും അബുദാബിയിലും ഇത് പടര്‍ന്നു പന്തലിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം പ്രതിദിനം അയ്യായിരം കിലോഗ്രാം ഇഡ്ഡലിമാവ് ഒരു ദിവസം ആവശ്യമായിരുന്നു. അങ്ങനെ രണ്ടും കല്‍പ്പിച്ച് കഗ്ഗദാസപുരയില്‍ അറുനൂറ് സ്‌ക്വയര്‍ഫൂട്ട് അടുക്കള ഇതിനായി തുറന്നു. ജോലി ചെയ്തു സമ്പാദിച്ച ആറുലക്ഷം രൂപയായിരുന്നു അതിനുള്ള മുടക്കുമുതല്‍. സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന ഗ്രൈന്‍ഡര്‍ ആയിരുന്നു അന്നും ഉപയോഗിച്ചിരുന്നത്.

യുഎസില്‍ ഐഡി ഫ്രഷിന്റെ കമ്പനി റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സിംഗപ്പൂര്‍, മലേഷ്യ, യുകെ എന്നിവിടങ്ങളിലേക്കു കച്ചവടം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ മിഡില്‍ ഈസ്റ്റിലെ പത്തു നഗരങ്ങളില്‍ക്കൂടി കൂടി ബിസിനസ് വ്യാപിപ്പിക്കാന്‍ മുസ്തഫയ്ക്കും സംഘത്തിനും പ്ലാനുണ്ട്.
ഐടി മേഖല വിട്ടപ്പോള്‍
ഐടി മേഖലയിലെ പണംകൊയ്യുന്ന ജോലി വിട്ട് ഇങ്ങനെയൊരു ബിസിനസ് തുടങ്ങുന്നതിനെ കുടുംബത്തില്‍ ആരും ആദ്യം അനുകൂലിച്ചിരുന്നില്ല. വീടുണ്ടാക്കാനും കൂടപ്പിറപ്പുകളുടെ വിവാഹം നടത്താനും മുസ്തഫയെ സഹായിച്ചത് ആ ജോലിയായിരുന്നു. ‘അരിക്കച്ചവടക്കാരന്‍’ ആയിപ്പോകുമോ എന്ന ഭയം കൊണ്ട് മുസ്തഫയുടെ ഭാര്യയുടെ കുടുംബം പോലും ഇതിനെ പിന്തുണച്ചില്ല. എന്നാല്‍ മുസ്തഫയുടെ തീരുമാനം തെറ്റായിരുന്നില്ലെന്നു കാലം തെളിയിച്ചു.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കൗണ്‍സിലിന്റെ (കെഎസ്ഐഡിസി) സഹായത്തോടെ 2008 ല്‍ ഹോസ്കോട്ടില്‍ പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച ഫാക്ടറി ക്രമീകരിക്കാന്‍ മുസ്തഫയ്ക്ക് സാധിച്ചു. അമേരിക്കയില്‍നിന്നു കൂടുതല്‍ മികച്ച ഗ്രൈന്‍ഡറുകള്‍ എത്തി. ചെറിയ ഗ്രൈന്‍ഡര്‍ വൃത്തിയാക്കാന്‍ ഏറെ പാടായിരുന്നു. മാത്രമല്ല സമയവും കൂടുതലെടുക്കുമായിരുന്നു. ഒറ്റ ടച്ചില്‍ സ്വയം വൃത്തിയാവുന്ന തരം മെഷീനുകളാണ് പുതിയവ.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ഥലങ്ങളിലെ മിടുക്കരായ ആളുകള്‍ക്കു മുസ്തഫ ജോലി നല്‍കുന്നുണ്ട്. വളരെ പിന്നാക്കക്കാരായ 650 ആളുകള്‍ ഇന്നിവിടെ ജോലിക്കുണ്ട്. പ്രഭാതഭക്ഷണം ലക്ഷ്വറിയായി കണ്ടിരുന്ന, ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം മുസ്തഫയിലെ മനുഷ്യനെ എപ്പോഴും ദയാലുവാക്കുന്നു.

തലമറിഞ്ഞ ആശയം
എല്ലാം എളുപ്പമാകണമെന്നു ചിന്തിക്കുന്നവരുടെ കാലത്താണ് വിഷമം പിടിച്ച കാര്യങ്ങള്‍ എങ്ങനെ എളുപ്പത്തിലാക്കാമെന്ന് ഇവര്‍ ചിന്തിക്കുന്നത്. കൊതിതീര്‍ക്കാന്‍ ഹോട്ടലില്‍ പോയി ഇഡ്ഡലി കഴിച്ചിരുന്നവര്‍ മാവു വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉണ്ടാക്കാന്‍ തുടങ്ങി. മാവ് ഐഡിയുടേതാണെങ്കിലും മയമുള്ള ഇഡ്ഡലിയുടെയും ദോശയുടെയും ക്രെഡിറ്റ് വീട്ടിലെ പെണ്ണുങ്ങള്‍ക്കു കിട്ടാന്‍ തുടങ്ങി. ഇതിനിടെ പൊറോട്ട നാടു കീഴടക്കിയതോടെ പൊറോട്ടയിലും പരീക്ഷണങ്ങള്‍ നടത്തി. ആരോഗ്യപ്രദമായ ഗോതമ്പ് പൊറോട്ട ചെറിയ വലിപ്പത്തില്‍ ഇറക്കിയതോടെ സ്കൂളിലെ ടിഫിന്‍ബോക്സിനും കൃത്യമായി. ഇഡ്ഡലിക്കു കൂട്ടായി വട വേണ്ടവര്‍ക്കായി വടയുടെ മാവും ഉടന്‍ വിപണിയില്‍ ഇറങ്ങും. തിളയ്ക്കുന്ന എണ്ണയില്‍ ടൂത്ത് പേസ്റ്റ് പോലെ അമര്‍ത്തിയാല്‍ മതി. നല്ല ആകൃതിയിലും രുചിയിലും വടയായി.

ഐഡിയുടെ ആളില്ലാ ഷോപ്പുകള്‍

മാര്‍ക്കറ്റിങ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഐഡി ഫ്രഷിന്റെ ‘ആളില്ലാ ഷോപ്പുകള്‍’. ഐഡി ഫ്രഷിന്റെ ഉല്‍പന്നങ്ങള്‍ നിറച്ച ഷോപ്പുകള്‍ എപ്പോഴും തുറന്നിരിക്കും. കാശു വാങ്ങാനോ ബില്‍ നല്‍കാനോ സാധനങ്ങള്‍ എടുത്തു കൊടുക്കാനോ എന്നു വേണ്ട സെക്യുരിറ്റിയായി പോലും ഈ ഷോപ്പുകളില്‍ ജോലിക്കാരില്ല. പരിശോധനാ ക്യാമറകളുമില്ല. കസ്റ്റമേഴ്സിനെ പൂര്‍ണമായി വിശ്വസിച്ച് നടക്കുന്ന ഈ ഷോപ്പുകളില്‍നിന്ന് ആര്‍ക്കും ഐഡി ഫ്രഷ് ഉല്‍പന്നങ്ങള്‍ വാങ്ങാം. ഷോപ്പിലുള്ള മണി ബാഗില്‍ അതിന്റെ കാശ് ഇട്ടാല്‍ മതിയാകും.

ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിങ്ങനെ നാല് നഗരങ്ങളിലായി 42 ഷോപ്പുകള്‍ ഇതിനകം ഐഡി ഫ്രഷ് വിജയകരമായി നടത്തുന്നു. ഇത്തരത്തില്‍ 1000 ഷോപ്പുകളാണ് ഇനി ലക്ഷ്യം. ‘‘ഞങ്ങളുടെ കസ്റ്റമേഴ്സിനെ ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഇതിന്റെ റിസ്ക് എറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.’’ – മുസ്തഫ പറയുന്നു.

ഇത് ടീം വര്‍ക്കിന്റെ ഗുണം
ടീം വര്‍ക്കിന്റെ ഗുണമാണ് തന്റെ കമ്പനിയുടെ വളര്‍ച്ചയെന്നു വിനീതനാവുന്നു മുസ്തഫ. ആദ്യം കസിന്‍സ്, പിന്നെ എന്‍ജിനീയറിങ് ക്ലാസ്‌മേറ്റ്‌സ്, പിന്നീട് കുടുംബസുഹൃത്തുക്കള്‍ എന്നിങ്ങനെ നിരവധിപേര്‍ കൂടെനിന്നു സഹായിച്ചു. ഇപ്പോഴും ഇവിടെ ജോലി ചെയ്യുന്ന ഓരോരുത്തരുടേതുമാണ് കമ്പനി. 90ശതമാനം പാക്കറ്റുകളും അതേ ദിവസം തന്നെ വിറ്റുതീരും. വില്‍പനയുടെ പാറ്റേണ്‍ മനസിലാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. ദോശ/ ഇഡ്ഡലി മാവിനു പുറമേ പൊറോട്ട, ചപ്പാത്തി/ ചട്ണി എന്നിവയും ഇപ്പോള്‍ വില്‍ക്കുന്നുണ്ട്.
ഉണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം ഗോതമ്പ് പൊറോട്ട ആണെന്നു പറയുന്നു മുസ്തഫ . ‘ആഴ്ചയില്‍ ഒരിക്കലാണ് ഞങ്ങള്‍ വീട്ടില്‍ ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്നത്. മൂന്നു ദിവസം ഗോതമ്പ് പൊറോട്ട ആയിരിക്കും’ മുസ്തഫയുടെ മക്കള്‍ക്കും ഇത് ഏറെ ഇഷ്ടമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ ആസ്തി 120 കോടി രൂപയാണ്. 175 കോടി രൂപയാണ് ഈ വര്‍ഷം ടേണ്‍ ഓവര്‍ പ്രതീക്ഷിക്കുന്നത്. അതു ലഭിക്കുമെന്ന് മുസ്തഫയ്ക്ക് ഉറപ്പുണ്ട്.

Top