ഐഡിയയും വോഡഫോണും ലയിക്കുന്നു; നടപടി ജിയോയുടെ വെല്ലുവിളി നേരിടാന്‍

ന്യൂഡല്‍ഹി: ജിയോ സിം സൃഷ്ടിച്ച വെല്ലുവിളി നേരിടാന്‍ ഐഡിയയും വോഡഫോണും ലയിക്കുന്നു. രാജ്യത്തെ ടെലികോം രംഗത്തെ ഭീമന്‍മാരുടെ തീരുമാനം പുതിയ വിപ്ലവത്തിന് വഴിയൊരുക്കും. ഇതിനായി ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വോഡഫോണ്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു.

ലയനം പ്രാബല്യത്തിലായാല്‍ ഉപഭോക്താക്കളുടെ എണ്ണം 39 കോടിയോളമാകും. അതായത് രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുളള എയര്‍ടെല്ലിനെ (27 കോടി) പിന്നിലാക്കാന്‍ ലയനം കാരണമാകും.
ലയന വാര്‍ത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരി വില 27 ശതമാനം കുതിച്ച് 100 രൂപയായി. ആറ് മാസമായി രാജ്യത്ത് സൗജന്യ സേവനം ലഭ്യമാക്കി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധന നേടിയ റിലയന്‍സ് ജിയോയ്ക്ക് ഈ ലയനം വെല്ലുവിളിയാകും. നിലവില്‍ ജിയോക്ക് 7.2കോടി വരിക്കാരാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലിനും ഈ ലയനം തിരിച്ചടിയാകും. നിലവില്‍ 24 ശതമാനം വിപണി വിഹിതത്തോടെ എയര്‍ടെലാണ് രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനി. 19 ശതമാനം വിപണി വിഹിതമുള്ള വൊഡാഫോണും 17 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ലയിക്കുന്നതോടെ പുതിയ കൂട്ടുകെട്ടായിരിക്കും രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കള്‍.

സൗജന്യ ഓഫറുകളുമായി പ്രവര്‍ത്തനം തുടങ്ങിയ റിലയന്‍സ് ജിയോയിലേക്ക് ഉപഭോക്താക്കാള്‍ മാറിയതോടെ മറ്റ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒറ്റക്ക് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നുറപ്പായതോടെയാണ് വൊഡാഫോണ്‍ ലയനത്തിന് ഒരുങ്ങാന്‍ തീരുമാനിച്ചത്. 1.74 ലക്ഷം കോടി രൂപ മൂല്യം വരുന്നതാണ് ഇന്ത്യന്‍ ടെലികോം വിപണി.

Top