പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും:തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് പ്രിയങ്ക ഗാന്ധി

ലക്‌നൗ:പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി . ഇതു സംബന്ധിച്ച് ഇതു വരെ തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെയാണ് പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന പ്രതികരണം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ” പാര്‍ട്ടി നിര്‍ദേശിച്ചാല്‍ എന്തുകൊണ്ട് മത്സരിച്ചുകൂടാ?” എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും – പ്രിയങ്ക വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ പറ്റി ചോദിച്ചപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് അവര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ വിമര്‍ശിച്ച മായാവതിക്കും പ്രിയങ്ക മറുപടി നല്‍കി. കോണ്‍ഗ്രസ് ആരെയും കബളിപ്പിക്കില്ല. നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നിറവേറ്റിയിട്ടുണ്ട്. കബളിപ്പിക്കുന്നവരാകാം അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.കിഴക്കന്‍ യു.പിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനം അടിത്തട്ടില്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്കാണ് പ്രിയങ്ക മുന്‍ഗണന നല്‍കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് പുതുതായി പത്ത് ലക്ഷം പ്രവര്‍ത്തകര്‍ എത്തിയതായാണ് കണക്കുകള്‍.

Top