ബിഷ്‌കെക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ എറ്റവും മോശമായ അവസ്ഥയിലാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രശ്‌നം പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മികച്ച തിരഞ്ഞെടുപ്പ് വിജയം ഉപയോഗിക്കുമെന്ന് താന്‍ കരുതുന്നുവെന്നും ഇമ്രാന്‍ ഖാന്‍. കശ്മീര്‍ പ്രശ്നമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ മോദി പരിഹാരം കാണണമെന്നും ഇമ്രാന്‍ പറഞ്ഞു.
രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിക്ഷെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇമ്രാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാന്‍ അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് പത്തരയോടെയാണ് എസ് സി ഒ ഉച്ചകോടി ആരംഭിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്റഫ് ഘനി തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ഉച്ചകോടിയോട് അനുബന്ധിച്ച് മോദിയും ഇമ്രാന്‍ ഖാനുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
ആയുധങ്ങള്‍ വാങ്ങാന്‍ പണം ചിലവഴിക്കാന്‍ പാകിസ്താന്‍ താല്‍പര്യപ്പെടുന്നില്ല. പകരം ദാരിദ്ര്യത്തെ നേരിടാന്‍ ആ പണം ഉപയോഗിക്കാനാണ് പാകിസ്താന് താല്‍പര്യം. അതിനാല്‍ തന്നെ രണ്ട് ആണവശക്തികളുള്ള ഒരു മേഖലയില്‍ സമാധാനമാണ് വേണ്ടത്- ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.