യാത്രാച്ചെലവു സംബന്ധിച്ച് പ്രത്യേക രേഖകള്‍ സൂക്ഷിച്ചിട്ടില്ല; മോദിയുടെ വിദേശയാത്രാ ചെലവുകള്‍ പുറത്തു വിടാതെ വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: വിദേശ യാത്രകളുടെ പേരില്‍ ഏറെ പഴി കേള്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംരക്ഷിക്കുന്ന നിലപാടുമായി വിദേശകാര്യ മന്ത്രാലയം. വിദേശ സന്ദര്‍ശനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആകെ ചെലവഴിച്ച തുകയുടെ കണക്കു പുറത്തുവിടാനാകില്ലെന്നും രേഖകള്‍ കൈവശമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2014 മുതല്‍ മോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന് എത്ര രൂപ ചെലവായി എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു കൃത്യമായ ഉത്തരം നല്‍കാന്‍ മന്ത്രാലയം തയാറായില്ല. പ്രധാനമന്ത്രിയുടെ ആകെ യാത്രാച്ചെലവു സംബന്ധിച്ചു പ്രത്യേക രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നാണു കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ സീനിയര്‍ അക്കൗണ്ട്‌സ് ഓഫിസര്‍ നല്‍കിയിരിക്കുന്ന മറുപടി.

പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരുടെ എല്ലാ ചെലവുകളും പിഎഒ സസ്‌പെന്‍സ് എന്ന ഒറ്റ അക്കൗണ്ട് ഹെഡിലാണു സൂക്ഷിച്ചിരിക്കുന്നതെന്നാണ് മറുപടിയില്‍ പറയുന്നത്. പിന്നീട് വിദേശകാര്യ മന്ത്രാലയം കാബിനറ്റ് സെക്രട്ടേറിയറ്റില്‍നിന്നു പ്രധാനമന്ത്രിയുടെ ചെലവ് ക്ലെയിം ചെയ്യുകയാണു ചെയ്യുന്നതെന്നും അതുകൊണ്ടു പ്രത്യേക രേഖകള്‍ സൂക്ഷിക്കാറില്ലെന്നുമാണു സീനിയര്‍ അക്കൗണ്ട്‌സ് ഓഫിസര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എന്തു രേഖകള്‍ സമര്‍പ്പിച്ചാണു പ്രധാനമന്ത്രിയുടെ ചെലവ് കാബിനറ്റ് സെക്രട്ടേറിയറ്റില്‍നിന്നു ക്ലെയിം ചെയ്യുന്നതെന്നു മറുപടിയില്‍ പറഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകള്‍ക്കു മൂന്നു വിഭാഗങ്ങളിലായി 1484 കോടി രൂപ ചെലവിട്ടതായി ജൂലൈയില്‍ വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍ മറുപടി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍, ഹോട്ട്‌ലൈന്‍ സൗകര്യം എന്നിവയ്ക്കായി ഇത്രയും തുക ചെലവഴിച്ചുവെന്നാണു വിദേശകാര്യ സഹമന്ത്രി വികെ സിങ് മറുപടി നല്‍കിയിരുന്നത്.

Top