ബെംഗളൂരു: കർണാടകത്തില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിച്ച് ന്യൂസ് നേഷന്‍- സിജിഎസ് എക്‌സിറ്റ് പോള്‍. 114 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 65.69% പോളിംഗ് ആണ് അഞ്ച് മണി വരെ രേഖപ്പെടുത്തിയത്.
കർണാടകയിൽ തൂക്കുസഭയെന്ന് ടിവി 9 എക്സിറ്റ് പോൾ പറയുന്നു. തീരദേശ കർണാടക പ്രതീക്ഷിച്ചത് പോലെത്തന്നെ ബിജെപി തൂത്തുവാരുമെന്ന് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ. ധ്രുവീകരണം ശക്തമായ തീരദേശകർണാടക ബിജെപിയുടെ ശക്തികേന്ദ്രമാണ്. കോണ്‍ഗ്രസിന് 86 സീറ്റുകള്‍ ലഭിക്കുമെന്നും ജെഡിഎസിന് 21 സീറ്റുകളും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകളുമാണ് ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
അതേസമയം കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നതാണ് റിപ്പബ്ലിക് ടിവി-മാര്‍ക് സര്‍വേ ഫലം. കോണ്‍ഗ്രസ് 94 മുതല്‍ 108 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം ബിജെപിക്ക് 85 മുതല്‍ 100 സീറ്റ് വരെയാണ് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ജെഡിഎസ് 24 മുതല്‍ 32 സീറ്റുകള്‍ വരെ നേടുമെന്നും മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും പ്രവചനമുണ്ട്.
224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 103 മുതല്‍ 118 സീറ്റ് വരെ ലഭിച്ചേക്കാമെന്നാണ് സീ ന്യൂസ്-മാട്രിസ് എക്സിറ്റ് പോള്‍ ഫലം. ബിജെപിക്ക് 79 മുതല്‍ 94 സീറ്റുകള്‍ വരെ ലഭിക്കാം. ജെഡിഎസിന് 25 മുതല്‍ 33 സീറ്റുകള്‍ വരെ ലഭിക്കും. മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ ലഭിക്കുമെന്നും സീ ന്യൂസ് എക്സിറ്റ് പോള്‍ പറയുന്നു.