ന്യൂഡല്‍ഹി:മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ബന്ധുക്കള്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കെ.ജി. ബാലകൃഷ്ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന 2007 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ബന്ധുക്കള്‍ അനധികൃതമായി സ്വത്തുക്കള്‍ വാരിക്കൂട്ടിയെന്നായിരുന്നു ആരോപണം. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. 100 രൂപ സമ്പാദിക്കുന്നയാള്‍ പത്തുലക്ഷം രൂപയുടെ സ്വത്ത് വാങ്ങിയാല്‍ അതിന്റെ അതിന്റെ ഉറവിടം അന്വേഷിക്കേണ്ടതുണ്ടെന്ന് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ കുറച്ചുകൂടി സമയം ചോദിച്ച സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കേസ് ജനുവരി 19-നു വീണ്ടും പരിഗണിക്കും. മലയാളിയായ ജസ്‌റ്റിസ് ബാലകൃഷ്‌ണനെതിരായ ആരോപണത്തിന് തെളിവില്ലെന്നും അദ്ദേഹത്തിനെതിരായ അന്വേഷണം അപകടകരമായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നുമാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ബാലകൃഷ്‌ണന്റെ ആരോപണവിധേയരായ സഹോദരനും മരുമകനും അഭിഭാഷകരാണെന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. സംഭവം അന്വേഷിച്ച ആദായനികുതി വകുപ്പിനു നിയമവിരുദ്ധമായ ഒന്നും കണ്ടെത്താനായില്ലെന്നും ഇതില്‍ കൂടുതല്‍ തങ്ങള്‍ക്ക് ചെയ്യാനാകില്ലെന്നും റോത്തഗി സുപ്രീം കോടതിയില്‍ പറഞ്ഞു. കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നു വ്യക്‌തമാക്കിയ റോത്തഗി അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ അടങ്ങിയ ഹര്‍ജികളുമായി വരുന്നവരെ കോടതി പ്രോത്സാഹിപ്പക്കരുതെന്നും ആവശ്യപ്പെട്ടു.