കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായി മാറിയ റിമി ടോമിയെ ആരാണ് വിവാദങ്ങളില്‍ കുടുക്കിയത്. കള്ളപ്പണം കൊണ്ടുവന്നുവെന്ന വാര്‍ത്തയാണ് റിമിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അവതാരകയും അതിലുപരി നല്ല പാട്ടുകാരിയുമായ റിമി വിദേശത്ത് നിരവധി സ്റ്റേജ് ഷോകള്‍ നടത്തിയിട്ടുണ്ട്. റിമി വിദേശ ഷോകളിലൂടെ കള്ളപ്പണം കേരളത്തിലേക്ക് കൊണ്ടുവന്നോ എന്നുള്ളതിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ അന്വേഷണസംഘം പരിശോധിച്ചുക്കൊണ്ടിരിക്കുന്നത്.
എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് റിമിയുടെ ഭര്‍ത്താവ് റോയ്‌സ് പറയുന്നു. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. അവര്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറിയിട്ടുണ്ട്. ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശ ഷോകളിലൂടെ കള്ളപ്പണം ഇങ്ങോട്ടു എത്തിക്കണ്ട ആവശ്യമില്ലെന്നും മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും റോയ്സ് പറഞ്ഞു. വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പ് റിമി ടോമിയുടെ കൊച്ചി ഇടപ്പള്ളിയിലെ വസതിയില്‍ പരിശോധന നടത്തിയത്. തൊട്ടടുത്തുള്ള റിമിയുടെ സഹോദരന്റെ വസതിയിലും പരിശോധന നടത്തിയിരുന്നു.
ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുമ്പോള്‍ റിമി വീട്ടില്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരം റിമി സ്ഥലത്തെത്തി അന്വേഷണവുമായി സഹകരിച്ചു. റിമിക്ക് വിദേശത്തു നിന്ന് കണക്കില്‍പ്പെടാത്ത പണം ലഭിച്ചതായുള്ള വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. വിദേശത്തുനിന്നുള്ള പണമിടപാടുമായുള്ള ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ്. റിമി ടോമി വിദേശ രാജ്യങ്ങളില്‍ സ്റ്റേജ് പ്രോഗ്രമുകള്‍ സ്ഥിരമായി നടത്താറുള്ളതാണ്. ഇതിനു ലഭിക്കുന്ന പ്രതിഫലം വ്യക്തമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നും. ചിലയിടങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറിയെന്നും ആദ്യനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തെരഞ്ഞെടുപ്പ് കാലം ആയതിനാല്‍ സംസ്ഥാനത്ത് ആദായ നികുതി വകുപ്പ് ജാഗ്രതയിലാണ്. കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു.
റിമി ടോമിക്കൊപ്പം വ്യവസായി മഠത്തില്‍ രഘു, സുപ്രീം കോടതി അഭിഭാഷകന്‍ വിനോദ് കുട്ടപ്പന്‍ എന്നിവരുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടത്തി. പ്രവാസി മലയാളി ജോണ്‍ കുരുവിളയുടെ വീടും പരിശോധിച്ചു. പല വഴികളിലൂടെ കള്ളപ്പണം സംസ്ഥാനത്ത് എത്തുന്നുണ്ടെന്ന പരാതി ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. ഇപ്പോള്‍ പരിശോധന നടത്തുന്നവരില്‍ ചിലര്‍ വഴി ചില സ്ഥാനാര്‍ത്ഥികള്‍ക്ക് പണം ലഭിച്ചതായും സൂചനയുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ഒരു ചാനലിന്റെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് റിമി തിരുവനന്തപുരത്തായിരുന്നു. ഈ സമയമാണ് റെയ്ഡ് തുടങ്ങിയത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ റിമി വീട്ടിലേക്ക് തരിക്കുകയും വൈകുന്നേരത്തോടെ അവിടെ എത്തുകയും ചെയ്തു. റിമിയുടെ പ്രോഗ്രാം കാര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് അനുജനും ഭര്‍ത്താവുമാണ്. ചില പ്രവാസി വ്യവസായികള്‍ അടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഏറെക്കാലമായി ആദായ നികുതി വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു.
വിദേശത്തുനിന്ന് കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപ ഇവരുടെ അക്കൗണ്ടുകളിലേക്ക് വരുന്നുവെന്ന സൂചനയെത്തുടര്‍ന്നാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തേക്ക് കൊണ്ടുവന്ന കോടികളുടെ കള്ളപ്പണം ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു റെയ്ഡ്. റെയ്ഡിലെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല