പാകിസ്താനില്‍ ഇന്ത്യ നടത്തിയ മിസൈലാക്രമണമാണ് ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പാകിസ്താനെതിരെ ആക്രമണപദ്ധതി തയ്യറാക്കിയതും ആക്രമണം ഏത് തരത്തിലായിരിക്കണെ എന്ന് തീരുമാനിച്ചതിനു പിന്നില്‍ മലയാളിയായ ഉദ്യോഗസ്ഥനാണ്. ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴിയില്‍ കുടുംബാംഗമായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ (എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്.
ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണു പാകിസ്താനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല. തിരിച്ചടിക്കു കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിനു പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഒരുക്കം ആരംഭിച്ചിരുന്നു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സൂക്ഷ്മ മിസൈലാക്രമണം നടത്താന്‍ കെല്‍പുള്ള സ്‌ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്.
ഇതിനിടെ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്ക്, ചൈന അതിര്‍ത്തികളില്‍ ഇന്ത്യന്‍ സേന പടയൊരുക്കം ശക്തമാക്കി. കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ നേതൃത്വം നല്‍കുന്ന കിഴക്കന്‍ കമാന്‍ഡിനാണ് ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലദേശ് എന്നിവയുമായുള്ള 6300 കിലോമീറ്റര്‍ അതിര്‍ത്തിയുടെ വ്യോമസുരക്ഷാ ചുമതല.