ന്യൂഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ യാതൊരു വിട്ടു വീഴ്ച്ചയും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ. സ്ഥിതിഗതികള്‍ വിലയിരുത്താനായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ ലഡാക്കിലെത്തിയിരുന്നു. നിയന്ത്രണ രേഖയിൽ മാത്രമല്ല, സാമ്പത്തിക രംഗത്തും ചൈനയ്ക്കു തിരിച്ചടി കൊടുക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് അഭിപ്രായമുയരുന്നു. 45 വർഷത്തെ ഏറ്റവും രക്തരൂഷിതമായ സംഘർഷമാണ് ഇത്തവണ ലഡാക്കിലെ അതിർത്തിയിൽ ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതേത്തുടർന്ന് രാജ്യമെങ്ങും ചൈനാവിരുദ്ധത അലയടിക്കുകയാണ്. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചും മറ്റും തിരിച്ചടി നൽകണമെന്നും ആവശ്യം ഉയരുന്നു.എന്നാൽ, സാമ്പത്തികപരമായി ചൈനയെ ഇന്ത്യയിൽനിന്ന് ഒഴിവാക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ഫോണുകളും സ്മാർട് ടിവികളും ഉൾപ്പെടെ ‘മെയ്ഡ് ഇന്‍ ചൈന’ ടാഗിൽ ഇന്ത്യയിലെത്തുന്നത് അനവധി ഉൽപ്പന്നങ്ങളാണ്. 2008ലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ യുഎസ് കൂപ്പുകുത്തിയപ്പോൾ ചൈന കുതിച്ചുയരുകയായിരുന്നു. മാന്ദ്യത്തോടെ യുഎസിന്റെ പണാധിപത്യത്തിൽ വൻ കുറവുണ്ടായി.
മധ്യപൂർവേഷ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ മേഖലകളിലെ തന്ത്രപൂർവമായ ഇടപെടൽ മൂലം ചൈന പതിയെ ലോകശക്തിയായി വളരുകയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. ആഗോള ശക്തിയാകാൻ ശ്രമിക്കുന്ന ഇന്ത്യയും ഇതു തന്നെയാണ് ചെയ്തത്. ഉൽപ്പന്നങ്ങളുടെ കയറ്റുമതി, ഇറക്കുമതി വഴിയല്ലാതെ നേരിട്ടുള്ളതും അല്ലാതെയുമുള്ള വിദേശനിക്ഷേപം വഴിയും ചൈനീസ് നിക്ഷേപങ്ങൾ ഇന്ത്യയിലെത്തുന്നു.
സാങ്കേതികവിദ്യയിലെ കോർപറേറ്റ് നിക്ഷേപം വഴിയും അടിസ്ഥാന സൗകര്യ വികസന മേഖലകളിലും ഇങ്ങനെ ചൈനീസ് പണം എത്തി. നേരിട്ടുള്ള വിദേശനിക്ഷേപം വഴി 2.34 ബില്യൻ യുഎസ് ഡോളറിന്റെ ചൈനീസ് പണമാണ് ഇന്ത്യയിലെത്തിയതെന്ന് ഔദ്യോഗിക രേഖകൾ പറയുന്നു. എന്നാൽ മറ്റു നിക്ഷേപങ്ങളിലൂടെ ഇന്ത്യയിൽ 6 മുതൽ 8 ബില്യൻ യുഎസ് ഡോളർ വരെ ചൈനീസ് നിക്ഷേപം എത്തിയിട്ടുണ്ടാകാമെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം.