ഇന്ത്യ തിരിച്ചടിച്ചു ! 5 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.ഇന്ത്യൻ കര, വ്യോമ സേനാ താവളങ്ങൾക്കു ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ നടന്ന സംഘര്‍ഷത്തില്‍ 5 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു പുറമെ 11 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസിൻറെ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഗല്‍വാന്‍ താഴ്വരയിൽ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യയുടെ കേണലും രണ്ട് സൈനികരും വീരമൃത്യു വരിച്ചു. ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. 45 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇത്തരത്തിലൊരു സംഘര്‍ഷമുണ്ടാകുന്നത്.

ഏകപക്ഷീയമായ നടപടികളെടുക്കുകയോ പ്രശ്നം വലുതാക്കുകയോ ചെയ്യരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സേന രണ്ടു തവണ അതിർത്തി കടന്ന പ്രകോപനമുണ്ടാക്കിയതായി ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയൻ ആരോപിച്ചു. സൈനികരെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. തുടർന്നാണ് ഇരുസേനകളും ശാരീരികമായ ഏറ്റുമുട്ടലിന് ഒരുങ്ങിയത്. അതിർത്തി കടക്കരുത്, പ്രകോപനത്തിലൂടെ പ്രശ്നങ്ങളുണ്ടാക്കരുത്, ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് സ്ഥിതിഗതികൾ വഷളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ വൈകിട്ടാണ് അതിർത്തിയിൽ സംഘർഷമുണ്ടായത്. ഇന്ന് രാവിലെ 7.30 മുതൽ അതിർത്തിയിൽ പ്രശ്നപരിഹാര ചർച്ച നടക്കുന്നു.

മേയ് ആദ്യമാണ് ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് 3 കിലോമീറ്റർ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. പാംഗോങ് ട്സോയിലെ മലനിരകളിൽ ഇന്ത്യയുടെ പതിവ് പട്രോളിങ് ചൈന തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ ഇന്ത്യ ചെറുത്തു. ചൈനീസ് സേന പിന്മാറിയാൽ തങ്ങളും സൈന്യത്തെ പിൻവലിക്കാമെന്ന നിലപാടും സ്വീകരിച്ചു.

ഗോങ് ട്സോ തടാകത്തിന്റെ വടക്കൻ തീരത്തോടു ചേർന്നുള്ള 8 മലനിരകളിൽ (സേനാ ഭാഷയിൽ ഫിംഗേഴ്സ്) നാലാമത്തേതിലാണ് (ഫിംഗർ 4) ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ചിരുന്നു. ചർച്ചകൾ പലതും നടത്തിയിട്ടും പാംഗോങ് ട്സോയിലെ പിന്മാറ്റത്തിന് ചൈന തയാറായിരുന്നില്ല. ഫിംഗർ 8 വരെ പട്രോളിങ് നടത്തിയിരുന്നത് തങ്ങളാണെന്നും അവിടേക്കു ചൈന പിന്മാറണമെന്നും ഇന്ത്യ. ഇന്ത്യ ഫിംഗർ 2 വരെ പിന്മാറണമെന്നു ചൈന ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിനു പിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തിര യോഗം വിളിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Top