ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഉടനടി സാധ്യമോ? ഇന്ത്യയിലേക്ക് ചൈനയിൽ നിന്നു ഇറക്കുമതി ചെയ്യുന്നവ എന്തൊക്കെയാണ്?

ന്യുഡൽഹി:ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഇന്ത്യയിൽ വർധിച്ചുവരികയാണ്.

ചൈനീസ് കടന്നുകയറ്റവും 20 സൈനികരുടെ വീരമൃത്യവും ഇന്ത്യക്കാർക്കിടയിൽ ശക്തമായ ചൈനീസ് വിരുദ്ധത ഉണ്ടാക്കിയെന്ന് സർവേ ഫലം. ചൈനീസ് നിർമിത ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഭൂരിഭാഗം ആളുകളും താൽപര്യപ്പെടുന്നതായാണ് ഈ സർവേ ഫലം വ്യക്തമാക്കുന്നത്. ലോക്കൽ സർക്കിൾസ് എന്ന ഓണ്‍ലൈൻ സ്ഥാപനമാണ് സർവേ നടത്തിയത്.235 ജില്ലകളിലായി പൗരന്മാർക്കിടയിൽ നടത്തിയ സർവേയിൽ 32,000 പേരിൽനിന്ന് പ്രതികരണം ലഭിച്ചതായി ലോക്കൽ സർക്കിൾസ് അറിയിച്ചു. അടുത്ത ഒരു വർഷത്തേക്ക് ചൈനീസ് ഉത്പനങ്ങൾ വാങ്ങുന്നത് ബഹിഷ്കരിക്കുമോ എന്ന ചോദ്യത്തോട് 8,000 പേർ പ്രതികരിച്ചു. ഇതിൽ 87% പേരും ബഹിഷ്കരിക്കുമെന്നാണ് അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ച് കാലം കഴിഞ്ഞാണെങ്കിൽ ഇപ്പോൾ പറയുന്ന ബഹിഷ്കരണം സാധ്യമായേക്കാം. എന്നാൽ ഉടനടി ഇതു സാധ്യമല്ല, കാരണം ഇന്ത്യ ചൈനയെ ആശ്രയിക്കുന്നത് പൂർണ ഉത്പന്നങ്ങൾക്ക് മാത്രമല്ല, പ്രാദേശിക ഉത്പാദനത്തിനാവശ്യമായ അസംസ്കൃത ഉത്പന്നങ്ങൾക്ക് കൂടിയാണെന്ന് മനസ്സിലാക്കണം.

ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ട്‌ഫോണുകളിൽ 75 ശതമാനവും നിർമിക്കുന്നത് ചൈനീസ് കമ്പനികളാണ്. 4 ജി വന്നതോടെ രാജ്യത്തെ സ്ഥാപനങ്ങൾ പലതും പിന്നോട്ട് പോയി. ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം 2017ലെ 468 ദശലക്ഷത്തിൽ നിന്ന് 2022 ഓടെ 84 ശതമാനം ഉയർന്ന് 859 ദശലക്ഷമായി ഉയരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഐഫോൺ ‘ലോകത്തെല്ലായിടത്തും നിർമ്മിച്ചതാണ്’ എന്ന് ആപ്പിൾ പറയുന്നു. എന്നാൽ ഫോണിന്റെ പല ഘടകങ്ങളും ഇപ്പോഴും ചൈനയിൽ നിന്നാണ്. ഇന്ത്യയിലും ചില മോഡലുകൾ നിർമിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും വിദഗ്ധരായ തൊഴിലാളികളുടെയും മതിയായ അടിസ്ഥാന സൗകര്യങ്ങളുടെയും ആവശ്യകത ഉള്ളതിനാൽ മുൻനിര മോഡലുകൾ പലതും നിർമ്മിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഷവോമി, ഒപ്പോ, വിവോ, വൺ പ്ലസ്, ക്ലബ് ഫാക്ടറി, അലി എക്സ്പ്രസ്, ഷെയ്ൻ, ടിക് ടോക്, വീ ചാറ്റ് തുടങ്ങിയ ഉൽപന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കാൻ തയാറാണോയെന്ന ചോദ്യത്തോട് 58% പേർ ഇപ്പോൾ മുതൽ വാങ്ങില്ലെന്നും 39% പേർ ഇപ്പോഴുള്ളത് ഉപയോഗിക്കുമെന്നും ഇനി വാങ്ങില്ലെന്നും മറുപടി നൽകി. അതായത് 97% പേർ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ‌‌മെയ്ഡ് ഇൻ ചൈന ഉൽപ്പന്നങ്ങൾക്ക് 200% ഇറക്കുമതി നികുതി ഏർപ്പെടുത്തണോയെന്ന ചോദ്യത്തോട് വേണം എന്നു പ്രതികരിച്ചത് 42% പേരാണ്. എന്നാൽ 36% പേർ അസംസ്കൃത വസ്തുക്കളുടെ പുറത്ത് നികുതി ചുമത്തേണ്ടെന്ന അഭിപ്രായക്കാരാണ്. മറ്റുള്ള ഇറക്കുമതിക്കു ചുമത്താമെന്നും ഇവർ പറയുന്നു. എന്നാൽ ഇറക്കുമതിക്കു നികുതി ചുമത്തേണ്ടെന്നാണ് 20% പേരുടെ മറുപടി.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 200% നികുതി ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചൈനയ്ക്കുമേൽ ഈ നികുതി ഏർപ്പെടുത്തുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കണമെന്നും ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ബിഐഎസ്, സിആർഎസ്, സിഡിഎസ്‌സിഒ, എഫ്എസ്എസ്എഐ സർട്ടിഫിക്കേഷനുകൾ നിർബന്ധമാക്കണമെന്ന് 90% പേരും അഭിപ്രായപ്പെട്ടു. സർട്ടിഫിക്കേഷൻ ആവശ്യമില്ലെന്ന് 5% പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്.

Top