ന്യൂഡൽഹി: രാജ്യത്ത് ഇതാദ്യമായി കൊവിഡ് രോഗികളേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി. ബുധനാഴ്ച രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ 2,76,583 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ നിലവിൽ രോഗികളായി തുടരുന്നവർ 1,33,632 എണ്ണമാണ്.
എന്നാൽ 1,35,206 പേർ രോഗമുക്തരായി. ഇന്ത്യയിൽ രോഗമുക്തരുടെ എണ്ണം രോഗികളേക്കാൾ കൂടുതലാകുന്നത് ഇതാദ്യമായാണ്. 7754പേരാണ് ഇതുവരെ ഇന്ത്യയിൽ മരണമടഞ്ഞത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 279 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 9,985 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 90,787 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. 34,914 കൊവിഡ് ബാധിതരുള്ള തമിഴ്‌നാടാണ് തൊട്ടുപുറകിൽ.
ലോകത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികൾ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.കഴിഞ്ഞ ദിവസങ്ങളിൽ 9000 ത്തിലേറെ കൊവിഡ് കേസുകളാണ് ദിനേന റിപ്പോർട്ട് ചെയ്യുന്നത്. 2,76,146 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചിട്ടുള്ളത്.ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാമതാണ്. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,18,124 പേർക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.