ന്യുഡല്‍ഹി: കോവിൻ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാതെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വറന്റീന്‍ എര്‍പ്പെടുത്തിയ യുകെയുടെ നടപടിയക്കെതിരെ അതേനാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ.യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് കൊറോണ പരിശോധനയും 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും സർക്കാർ ഏർപ്പെടുത്തി. ഇന്ത്യയുടെ വാക്‌സിനുകൾ അംഗീകരിക്കണമെന്ന ആവർത്തിച്ചുളള അഭ്യർത്ഥനകൾ ചെവിക്കൊള്ളാതിരുന്നതിന്റെ പേരിലാണ് നടപടി. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്ച (ഒക്ടോബർ 4) മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ ക്വറന്റീന്‍ നിര്‍ബന്ധമാക്കിയതായി ഇന്ത്യ പ്രഖ്യാപിച്ചു.
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇന്ത്യക്കാര്‍ക്കായി യു കെ ഭരണകൂടം സമാനമായ ക്വറന്റീന്‍ മാനദണ്ഡം നിര്‍ദേശിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും തീരുമാനം മാറ്റാന്‍ യു കെ ഭരണകൂടം തയാറായിരുന്നില്ല. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ ഈ തീരുമാനം. ഇന്ത്യ പൗരന്മാര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് (കോവിൻ) അംഗീകരിക്കാന്‍ യു.കെ തയാറായിരുന്നില്ല. ഇത് ഇന്ത്യയുടെ കടുത്ത അമര്‍ഷത്തിന് കാരണമായിരുന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം യു കെയ്ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
കഴിഞ്ഞ മാസമാണ് ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധിത ക്വറന്റീൻ ഏർപ്പെടുത്തി വാക്സിൻ ചട്ടങ്ങളിൽ യുകെ മാറ്റം വരുത്തിയത്. യുകെയുടെ പുതിയ ചട്ടങ്ങളും ഒക്ടോബർ നാലിനാണ് നിലവിൽ വരുന്നത്. യുകെയുടെ നടപടിക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. മുൻ കേന്ദ്ര മന്ത്രിമാരായ ജയ്റാം രമേശും ശശി തരൂരും യുകെയുടെ നടപടിയെ വംശീയത നിറഞ്ഞതെന്നായിരുന്നു കുറ്റപ്പെടുത്തിയത്. ”കോവിഷീൽഡ് അംഗീകരിക്കാത്ത യുകെ സർക്കാരിന്റെ നടപടി വിവേചനപരവും യുകെ സന്ദർശിക്കുന്ന ഒട്ടേറെ ഇന്ത്യക്കാരെ ബാധിക്കുന്നതുമാണ്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ മറിച്ച് തീരുമാനമെടുക്കാൻ നമുക്കും അവകാശമുണ്ട്”- വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.