ക്വാറന്റീന്‍ കഴിഞ്ഞിട്ടും സ്വന്തം വീട്ടിലും ഭര്‍തൃവീട്ടിലും നേഴ്സിനും മക്കൾക്കും വിലക്ക്:അഭയമായത് ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം.

കോട്ടയം: ബെംഗളൂരുവില്‍നിന്നും നാട്ടിലെത്തി പതിനാലു ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ നേഴ്സിനും മക്കൾക്കും സ്വന്തം വീട്ടിലും ഭര്‍ത്തൃവീട്ടിലും വിലക്കു ഏര്‍പ്പെടുത്തിയപ്പോള്‍ അഭയമായത് ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം. സ്വഭവനത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നു കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനിയായ യുവതിയും രണ്ട് മക്കളും കലക്ടറേറ്റിൽ എത്തി അഭയം തേടി അലയുകയായിരിന്നു. തുടര്‍ന്നു പൊതുപ്രവര്‍ത്തകര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഇവരെ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ സ്വീകരിക്കുകയായിരിന്നു. കോവിഡ് പരിശോധനയില്‍ ഇവര്‍ നെഗറ്റീവായിരുന്നു എന്നും സോഷ്യൽ മീഡിയകളിൽ വാർത്തകൾ പ്രചരിക്കുന്നു.

ബെംഗളൂരുവില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതി രണ്ടാഴ്ച മുൻപ് മുൻപാണ് നാട്ടിലെത്തിയത്. കുട്ടികളുമായി ഇവർ പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഭർത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂർ വേദഗിരിയിൽ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിർത്തിയ ശേഷം മടങ്ങി. വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും നാട്ടിൽ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്വാറന്റീൻ കഴിഞ്ഞ ശേഷം എത്തിയാൽ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു. അമ്മയ്ക്ക് ശ്വാസകോശരോഗം ഉണ്ടെന്നും അവരുടെ ആരോഗ്യം മോശമാകുമെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം.വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെ സാന്ത്വനം ഡയറക്ടർ ആനി ബാബുവിനെ ഫോണിൽ വിളിച്ചു. തുടർന്നാണ് ഇവർ കലക്ടറേറ്റിൽ എത്തിയത്. കളക്ടര്‍ എം. അഞ്ജനയെ കണ്ടു. മഹിളാമന്ദിരത്തിലാക്കാമെന്ന് കളക്ടര്‍ അറിയിച്ചു. പക്ഷേ, കുഞ്ഞുങ്ങളുമായി താമസിക്കാനുള്ള സാഹചര്യമില്ലെന്നായിരുന്നു മഹിളാമന്ദിരം അധികൃതരുടെ വിശദീകരണം.

പിന്നീട് പല കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടെങ്കിലും പ്രവേശനമില്ലെന്നാണ് അറിയിച്ചത്. കലക്ടർ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാൻ നിർദേശിച്ചു. എന്നാൽ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാ‍ൻ നിർദേശം നൽകാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു. ഒടുവിൽ അഞ്ചുമണിയോടെ വിഷയം ശ്രദ്ധയില്‍പ്പെട്ട കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം യുവതിയെ താമസിപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ നാട്ടിലേക്ക് എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സകല സൌകര്യങ്ങളും ഒരുക്കി കത്തോലിക്ക സഭയുടെ കീഴിലുള്ള ധ്യാനകേന്ദ്രങ്ങള്‍ അഭയകേന്ദ്രങ്ങളായി മാറിയിരിന്നു.

Top