ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ പത്ത് പേര്‍ക്ക് കൊറോണ ലക്ഷണം: കൂട്ടത്തില്‍ രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും, ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, ഇന്‍ഫോപാര്‍ക്കില്‍ പഞ്ചിങ് നിര്‍ത്തി, അതീവ ജാഗ്രത

കൊച്ചിയില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. നിരവധി പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രാത്രിയാണ് ഇറ്റലിയില്‍ നിന്നെത്തിയ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും കൊറോണ സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ ഇറ്റലിയില്‍ നിന്ന് ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 52 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ പത്ത് പേര്‍ക്ക് ചില ലക്ഷണങ്ങള്‍ കണ്ടതുമൂലം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവര്‍ക്ക് കൊറോണ ലക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പത്ത് പേരെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

35 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലുമുണ്ട്. ഇതില്‍ രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളുമുണ്ട്. എല്ലാവരുടെയും സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇറ്റലിയില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തിയാല്‍ കളമശേരി മെഡിക്കല്‍ കോളേജിനുപുറമേ ആലുവ, മൂവാറ്റുപുഴ, കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രികള്‍, തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

ആലുവ ജില്ലാം ആശുപത്രിയല്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നു വന്ന കുഞ്ഞും അമ്മയും അച്ഛനുമാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവരെല്ലാം നിരീക്ഷണത്തിലുള്ളവരാണ്. പത്ത് പേരുടെ പരിശോധനാ ഫലം വന്നുകഴിഞ്ഞാലേ കൊറോണ സ്ഥിരീകരിക്കാന്‍ കഴിയൂ.

അതേസമയം, കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരുടെ പഞ്ചിങ് താല്‍ക്കാലികമായി നിര്‍ത്തി. പത്തനംതിട്ടയിലുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോ നല്‍കാനും തീരുമാനമായി. വിവിധ കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി ലുലുമാളിലും ആളുകള്‍ കുറഞ്ഞു തുടങ്ങി. ഭീതി കാരണം പലരും ആള്‍ക്കൂട്ടം ഒഴിവാക്കി തുടങ്ങി.

ഫോര്‍ട്ടുകൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ അടച്ചുപൂട്ടി. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് തീരുമാനം.ടൂറിസ്റ്റുകളുടെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളായ ഫോര്‍ട്ടുകൊച്ചി സെന്റ് ഫ്രാന്‍സിസ് ദേവാലയം, സാന്താക്രൂസ് ബസലിക്ക, ദോബി ഖാന, മട്ടാഞ്ചേരി ജൂതപള്ളി എന്നിവയാണ് അടച്ചിരിക്കുന്നത്.

മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതോടെ കേന്ദ്രങ്ങള്‍ സഞ്ചരിക്കാനെത്തിയ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ നിരാശരായി മടങ്ങി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ കേന്ദ്രങ്ങള്‍ പൂട്ടിയതെന്ന് അധികൃതര്‍ പറയുന്നു.അതേസമയം പുരാവസ്തു വകുപ്പിന് കീഴിലെ മട്ടാഞ്ചേരി കൊട്ടാരത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

Top