ഇന്ത്യ ദക്ഷിണാഫ്രിക്ക; ഏകദിന പരമ്പയിലെ ഫൈനല്‍ ഇന്ന്

മുംബൈ: ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പാകിസ്താന്‍ അമ്പയര്‍ അലീം ദറും കമന്റേറ്റര്‍മാരായ വസീം അക്രമും അക്തറും മടങ്ങിപ്പോയതിന്റെ നാണക്കേട് മാഞ്ഞിട്ടില്ലെങ്കിലും മുംബൈ വീണ്ടും ക്രിക്കറ്റ് ആവേശത്തിലാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. ജയിക്കുന്ന ടീം പരമ്പര നേടുമെന്നിരിക്കെ, പോരാട്ടം ഒരു ലോകകപ്പ് മത്സരത്തിന്റെ ആവേശം നുകര്‍ന്നുകഴിഞ്ഞു.
ട്വന്റി 20 പരന്പര നേടുകയും ആദ്യ ഏകദിനം ജയിക്കുകയും ചെയ്തതോടെ, ദക്ഷിണാഫ്രിക്ക പരമ്പര അനായാസം നേടുമെന്ന് തോന്നിപ്പിച്ചേടത്തുനിന്നാണ്, ഇന്ത്യ തിരിച്ചുവന്നത്. ഒന്നിടവിട്ട മത്സരങ്ങളില്‍ ഇരുടീമുകളും വിജയിച്ചതോടെ, അവസാന മത്സരത്തിന് ഫൈനലിന്റെ പ്രതീതിയായി.
ഒരര്‍ഥത്തില്‍ ക്യാപ്റ്റന്മാരുടെ പരമ്പരയാണിത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിക്ക് ഇത് നിലനില്‍പ്പിന്റെ പരമ്പരയായിരുന്നു. ബാറ്റുകൊണ്ടും ക്യാപ്റ്റന്‍സികൊണ്ടും ധോനി തന്റെ ഭാഗം ഭംഗിയാക്കി. മറുഭാഗത്ത് എ.ബി. ഡിവില്ലിയേഴ്‌സും ക്യാപ്റ്റന്‍പദവി ഗാംഭീര്യത്തോടെതന്നെ ചുമലിലേറ്റുന്നു. ആദ്യത്തെയും നാലാമത്തെയും മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സിനെ കാത്തിരിക്കുന്ന മറ്റൊരു ചരിത്രനേട്ടം കൂടിയുണ്ട്.
ഇന്ത്യന്‍മണ്ണില്‍ ഏകദിന പരമ്പര നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എന്ന പദവിയാണത്. ഇരുരാജ്യങ്ങളുമായുള്ള അഞ്ചാം പരമ്പരയാണിത്. മുമ്പ് നടന്ന നാല് പരമ്പരകളില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ വിജയിച്ചു. 2005ല്‍ കൈവരിച്ച സമനിലയാണ് ദക്ഷിണാഫ്രിക്കയുടെ നേട്ടം.
മൂന്ന് സ്?പിന്നര്‍മാരെ അണിനിരത്തിയുള്ള തന്ത്രം വിജയിച്ചതോടെ, ഈ മത്സരത്തിലും അക്ഷര്‍ പട്ടേല്‍, ഹര്‍ഭജന്‍ സിങ്, അമിത് മിശ്ര എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിക്കും. ശിഖര്‍ ധവാന് പകരം അമ്പാട്ടി റായുഡു വരാനുള്ള സാധ്യതയുണ്ട്. മോഹിത് ശര്‍മയ്ക്ക് പകരം ശ്രീനാഥ് അരവിന്ദും ഇടം നേടിയേക്കാം.
ജെ.പി. ഡുമിനിയുടെയും മോണി മോര്‍ക്കലിന്റെയും പരിക്കാണ് ദക്ഷിണാഫ്രിക്കയെ വലയ്ക്കുന്നത്. ഡുമിനിയുടെ അഭാവം ബെഹര്‍ഡീന്‍ നികത്തും. ഡേവിഡ് മില്ലറും ടീമിലെത്തും. മോണി മോര്‍ക്കലിന് കളിക്കാനായില്ലെങ്കില്‍ ആരോണ്‍ ഫംഗീസോയാകും പകരമെത്തുക. പകലുംരാത്രിയുമായാണ് മത്സരം. ഉച്ചയ്ക്ക് ഒന്നരമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയ സംപ്രേഷണമുണ്ട്.

Top