ന്യൂഡല്‍ഹി: പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ കെണിയില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കുടുങ്ങി. രഹസ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. അന്‍പത്തിയൊന്നുകാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വാഹയാണ് അറസ്റ്റിലായത്. വ്യോമസേനയുടെ ഡല്‍ഹിയിലുള്ള ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന അരുണ്‍ മര്‍വാഹയ്‌ക്കെതിരെ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് (ഔദ്യോഗിക രഹസ്യ നിയമം) പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഏഴുവര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണിത്. ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. സ്ത്രീയെന്നു നടിച്ചു സമൂഹമാധ്യത്തിലൂടെ അടുപ്പം കാട്ടിയ രണ്ടു പാക്ക് ഏജന്റുമാര്‍ക്ക് അരുണ്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഴ്ചകള്‍ക്കു മുന്‍പ് വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണു വിവരം കണ്ടെത്തിയത്. തുടര്‍ന്ന് അരുണിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. മാസങ്ങള്‍ക്കു മുന്‍പാണ് ഐഎസ്‌ഐ ഏജന്റുമാരുടെ പെണ്‍കെണിയില്‍ അരുണ്‍ കുടുങ്ങിയത്. ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം നല്‍കിയ അക്കൗണ്ടിലൂടെയാണ് അവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ചാറ്റിങ്ങിലൂടെയും വാട്ട്‌സാപ്പിലൂടെയും അരുണിന്റെ വിശ്വാസം നേടിയെടുത്തതിനുശേഷമായിരുന്നു ഇത്. വ്യോമസേനയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ദിവസേന ചോദിക്കുമ്പോള്‍ അവ കൈമാറുകയുമായിരുന്നു അരുണ്‍. ഇന്ത്യയുടെ സൈബര്‍, സ്‌പേസ്, സ്‌പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ രഹസ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ത്തിയതെന്നാണു വിവരം.
പാക് ചാരസംഘടനയുടെ പെണ്‍കെണിയില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കുടുങ്ങി; രഹസ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
Tags: Indian Air Force