ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായിട്ട് അഞ്ചാംദിവസം..!! 13 യാത്രക്കാരെക്കുറിച്ചും വിവരമില്ല

ന്യൂഡല്‍ഹി: വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത ആന്റണോവ് എ.എന്‍32 വിമാനം 13 യാത്രക്കാരുമായി കാണാതായിട്ട് അഞ്ച് ദിവസമായി. ഇതുവരെ വിമാനത്തെ കണ്ടെത്താനാകാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. തിങ്കളാഴ്ച കാണാതായ വിമാനത്തിന് വേണ്ടി നാവികസേനവും വ്യോമസേനയും നാട്ടുകാര്‍, ലോക്കല്‍ പൊലീസ്, സംസ്ഥാന സര്‍ക്കാര്‍, പാരാ മിലിട്ടറി തുടങ്ങിയവരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.

എന്നാല്‍ പ്രതികൂല കാലാവസ്ഥയും ജനവാസമില്ലാത്ത മലയോര മേഖലയിലേക്ക് എത്താനുള്ള പ്രയാസവും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. അസാമിലെ ജോര്‍ഹെഡില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പറന്ന എ.എന്‍.32 വിമാനമാണ് കാണാതായത്. വിമാനത്തില്‍ മലയാളിയായ ഫ്‌ലൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാരിനെ കൂടാതെ ഏഴ് വ്യോമസേനാ അംഗങ്ങള്‍ അടക്കം 13 പേര്‍ ഉണ്ടായിരുന്നു. വിമാനം കണ്ടെത്തുന്നതിന് സുഖോയ് 30 എന്നീ വിമാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ നടക്കുന്നതായി വ്യോമസേന അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

അതേസമയം, അപകടമുണ്ടായാല്‍ വിമാനത്തിന്റെ ലൊക്കേഷന്‍ മനസിലാക്കാന്‍ സാധിക്കുന്ന സാബ്‌റേ -8 എമന്‍ജെന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്റര്‍ ബീക്കണ്‍ ഇതിനോടകം തന്നെ പ്രവര്‍ത്തന രഹിതമായെന്നും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. അപകടമുണ്ടായാല്‍ 36 മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബാറ്ററി സംവിധാനമാണ് ഇതിലുള്ളത്. കാണാതായി മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ ഇനി ഈ ഉപകരണം പ്രവര്‍ത്തിക്കില്ലെന്നത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌ക്കരമാക്കിയിട്ടുണ്ട്.

വിമാനം അവസാനം റഡാറില്‍ കണ്ടതും എത്തിച്ചേരേണ്ടതുമായ സ്ഥലത്തിന് ചുറ്റുമുള്ള 1000 ചതുരശ്ര കിലോമീറ്റര്‍ ദൂരം വ്യോമസേന അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, പര്‍വത മേഖലയില്‍ നിന്നും പുകച്ചുരുളുകള്‍ കണ്ടെന്ന് ഗ്രാമീണര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഈ മേഖലയിലും വ്യോമസേന പ്രത്യേക പരിശോധന നടത്തും. മോളോ ഗ്രാമത്തിലുള്ള മൂന്നു പേരാണ് തിങ്കളാഴ്ച ഉച്ചയോടെ പര്‍വതമേഖലയില്‍ പുകച്ചുരുള്‍ കണ്ടത്. ഗ്രാമത്തില്‍ നിന്നും എട്ടുകിലോമീറ്ററോളം ദൂരെയായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു. വ്യോമസേനയും കരസേനയും പൊലീസും ഉള്‍പ്പെട്ട സംയുക്ത സംഘം ഈ മേഖലയില്‍ തെരച്ചില്‍ നടത്തും. അന്വേഷണ സംഘത്തില്‍ പ്രദേശവാസികളെയും ഉള്‍പ്പെടുത്താനാണ് നീക്കം.

Top