
കശ്മീര്‍ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റമുട്ടലുണ്ടായത്. സ്ഥലത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ സൈന്യത്തിനു നേരെ നിറയൊഴിച്ചതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നായിരുന്നു സൂചന. ഒരു ഭീകരന്‍ കൂടി ഇവിടെയുണ്ടെന്നാണ് സൂചന. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന കെട്ടിടം പൂര്‍ണമായും സൈന്യം വളഞ്ഞു.
അതേസമയം, ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീർ അതിർത്തിയിൽ ഗ്രാമീണരെ മറയാക്കി പാകിസ്താന്‍ മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാകിസ്താന്‍റെ സൈനിക പോസ്റ്റുകൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റു. ബാലാകോട്ട് അക്രമണത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് ആറുമണിക്കാണ് പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിച്ചത്. ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ സൈനികർക്കെതിരെ പാകിസ്താൻ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാകിസ്താൻ ആക്രമണം നടത്തുന്നത്.