
ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം ചൈനീസ് സേനയുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ കേണലിനും 2 ജവാൻമാർക്കും വീരമൃത്യു വരിച്ചു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുടലെടുക്കുന്നത്. ഒരു ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. നിലവിൽ ഇരുഭാഗത്തെയും സൈനിക ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടക്കുകയാണ്.കഴിഞ്ഞ 45 വർഷത്തിനിടെ ഇതാദ്യമായാണ് സൈനികരുടെ മരണം സംഭവിക്കുന്ന തരത്തിലേക്ക് ഇന്ത്യ-ചൈന സംഘർഷം നീളുന്നത്. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ വാർഷികാഘോഷം സംബന്ധിച്ച ചർച്ചകൾ മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്ത്യയ്ക്ക് മൂന്ന് സൈനികരുടെ ജീവൻ നഷ്ടമായത്.
ഇന്ത്യ – ചൈന അതിർത്തിയിൽ ഏപ്രിൽ മുതൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്ന സ്ഥിതിയാണുള്ളത്. ചൈനയുമായുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിനു ബ്രിഗേഡിയർ, കേണൽ തലത്തിൽ ഇന്നലെയും ചർച്ച നടന്നെങ്കിലും പിൻമാറ്റം സംബന്ധിച്ചു ധാരണയായിരുന്നില്ല. യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്സിലെ പിപി 15,17, പാംഗോങ് തടാകത്തോടു ചേർന്നുള്ള നാലാം മലനിര (ഫിംഗർ 4) എന്നിവിടങ്ങളിലാണു സംഘർഷം നിലനിൽക്കുന്നത്.