ഭാര്യയുടെ പ്രേതബാധ മാറിയില്ല; സഹപ്രവര്‍ത്തകനെ ശ്വാസം മുട്ടിച്ചുകൊന്ന ഇന്ത്യക്കാരന് ജീവപര്യന്തം

ആത്മഹത്യയ്ക്കു ശ്രമിച്ച ഭാര്യയ്ക്ക് പ്രേതബാധയാണെന്നും അത് മാറ്റിയെടുക്കാമെന്നും പറഞ്ഞ് പറ്റിച്ച സഹപ്രവര്‍ത്തകനെ കഴുത്തുഞെരിച്ച് കൊന്ന ഇന്ത്യന്‍ തൊഴിലാളിക്ക് ജീവപര്യന്തം തടവ്. ദുബായില്‍ 2016 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയ്ക്ക് പ്രേതബാധയാണെന്നും ആഭിചാരക്രിയകളിലൂടെ അത് സുഖപ്പെടുത്താമെന്നുമായിരുന്നു നാട്ടുകാരന്‍ കൂടിയായ സഹപ്രവര്‍ത്തകന്‍ യുവാവിനു നല്‍കിയ വാഗ്ദാനം. ഭാര്യ തീക്കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ദുബായിലെ അല്‍ ഖിസൈസില്‍ നിര്‍മാണക്കമ്പനി വകയുള്ള താമസസ്ഥലത്ത് ഒരേ മുറിയിലാണ് ഇവര്‍ കഴിയുന്നത്. ആഭിചാരക്രിയക്കായി 350 ദിര്‍ഹം യുവാവില്‍ നിന്ന് ഇയാള്‍ വാങ്ങുകയുമുണ്ടായി. ആഭിചാരക്രിയകള്‍ക്കു ശേഷം ചാരനിറത്തിലുള്ള വെള്ളം ഇയാള്‍ ഭാര്യയ്ക്ക് കുടിക്കാന്‍ നല്‍കിയെങ്കിലും അസുഖം മാറിയില്ല. ഇതേത്തുടര്‍ന്ന് ഇരുവരുമായി തര്‍ക്കമായി. ഒരു ദിവസം തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് യുവാവ് സഹപ്രവര്‍ത്തകനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. മുറി പങ്കിടുന്ന മൂന്നാമത്തെയാള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൈകള്‍ പിറകിലേക്ക് കൂട്ടിക്കെട്ടിയ നിലയില്‍ കമിഴ്ന്നു കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി നടത്തിയ അന്വേഷണത്തില്‍ തലപ്പാവ് ഉപയോഗിച്ച് കഴുത്തിന് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തു.

കേസ് പരിഗണിച്ച ദുബായ് കോടതി ഇയാളെ 15 വര്‍ഷം തടവിനായിരുന്നു ശിക്ഷിച്ചത്. എന്നാല്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ പരഗണിച്ച് ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു. തന്റെ ഭാര്യയ്ക്കുണ്ടായ ദുരവസ്ഥയില്‍ മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നു താനെന്നും ആ സമയത്തുണ്ടായ വികാരത്തള്ളിച്ചയില്‍ ബോധപൂര്‍വമല്ലാതെയാണ് താന്‍ സഹപ്രവര്‍ത്തകനെ കൊന്നതെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top