ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ നിശ്ചയിക്കുകയാണെങ്കില്‍ പിന്തുണ നല്‍കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ അറിയിച്ചു.എന്‍ഡിഎയ്ക്ക് മാത്രമായി അഞ്ചേകാല്‍ ലക്ഷത്തിലധികം വോട്ടുകളാണുള്ളത്. ആകെ വോട്ടുകളുടെ ഏകദേശം പകുതി. ഇതിന് പുറമേയാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ, തെലങ്കാനയിലെ ഭരണകക്ഷി ടിആര്‍എസ്, ഒറീസയിലെ ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പ്രാദേശിക കക്ഷികളും ഇതിനകം തന്നെ പിന്തുണ നല്‍കാനുള്ള സന്നദ്ധത ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ ഇന്നറിയാം. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനു വേണ്ടി ബിജെപി പാര്‍ളമെന്ററി ബോര്‍ഡ് യോഗം ചേരും.പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരെ മാത്രമോ രാഷ്ടപതി സ്ഥാനാര്‍ഥിയായി പരിഗണിക്കുകയുള്ളുവെന്നാണ് പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കുന്ന അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.എന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സ്പീക്കര്‍ സുമിത്ര മഹജന്‍ ,യുപി ഗവര്‍ണര്‍ രാം നായിക് എന്നിവരുടെ പോരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
മൂന്നു ശതമാനം മാത്രം വോട്ടുള്ള സിപിഎമ്മിന്റെയും അരശതമാനം പോലും വോട്ടില്ലാത്ത സിപിഐയുടേയും കേന്ദ്രഓഫീസുകളില്‍ കയറിയിറങ്ങുന്ന ബിജെപി സര്‍ക്കാരിലെ കേന്ദ്രമന്ത്രിമാര്‍ ജനാധിപത്യ ഇന്ത്യയുടെ പുതിയ മുഖമാണ്. ന്യൂദല്‍ഹിയിലെ ഗോള്‍മാര്‍ക്കറ്റിലുള്ള സിപിഎം ഓഫീസായ എകെജി ഭവനിലേക്കും ഐടിഒയിലെ അജോയ് ഭവനിലേക്കും പിന്തുണ തേടി പോകുന്നതിലോ ഇടതു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിലോ യാതൊരു കുറവും വിചാരിക്കുന്നില്ല ബിജെപി. എന്തുതന്നെ വന്നാലും ഇടതു പാര്‍ട്ടികളുടെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പിച്ചിട്ടും അരശതമാനം വോട്ടുമാത്രമുള്ളവരെ പോലും പോയി കാണാനുള്ള രാഷ്ട്രീയത്തിലെ പുത്തന്‍ മാതൃകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ജനാധിപത്യത്തിന് മുന്നില്‍ വെയ്ക്കുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിനാവശ്യമായതിലും അധികം വോട്ടുകള്‍ നിലവില്‍ കൈവശമുണ്ടായിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പരിശ്രമങ്ങള്‍ എന്നതാണ് ശ്രദ്ധേയം. 543 ലോക്‌സഭാ എംപിമാര്‍ക്കും 233 രാജ്യസഭാ എംപിമാര്‍ക്കും വിവിധ സംസ്ഥാനങ്ങളിലെ 4,852 എംഎല്‍എമാര്‍ക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.
ആകെ വോട്ടുകളുടെ എണ്ണം 10,98, 882 ആണ്. ഇതിന്റെ പകുതി വോട്ടുകളായ 5,49,442 ആണ് വിജയിക്കുന്നതിനാവശ്യമുള്ളത്. ഒരു എംപിക്ക് 708 വോട്ടാണുള്ളത്. എംഎല്‍എയ്ക്ക് അതാതു സംസ്ഥാനങ്ങളുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വോട്ട് ബലം വത്യാസപ്പെടും. ആകെ 776 എംപിമാരാണ് വോട്ടു രേഖപ്പെടുത്തുക. രാജ്യസഭയിലെ നോമിനേറ്റഡ് എംപിമാര്‍ക്ക് വോട്ടവകാശം ഇല്ല. രാഷ്ട്രപതിയാണ് ഇവരെ നാമനിര്‍ദ്ദേശം ചെയ്യുന്നത് എന്നതിനാലാണ് നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ചിരിക്കുന്നത്.
നിലവില്‍ എന്‍ഡിഎയ്ക്ക് മാത്രമായി അഞ്ചേകാല്‍ ലക്ഷത്തിലധികം വോട്ടുകളാണുള്ളത്. ആകെ വോട്ടുകളുടെ ഏകദേശം പകുതിയും എന്‍ഡിഎ ക്യാമ്പില്‍ തന്നെയുള്ള വോട്ടുകളാണ്. ഇതിന് പുറമേയാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ, തെലങ്കാനയിലെ ഭരണകക്ഷി ടിആര്‍എസ്, ഒറീസയിലെ ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണ.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പ്രാദേശിക കക്ഷികളും ഇതിനകം തന്നെ പിന്തുണ നല്‍കാനുള്ള സന്നദ്ധത ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏകദേശം 70 മുതല്‍ 75 ശതമാനം വരെയുള്ള വോട്ടുകള്‍ ഇതുവഴി കേന്ദ്രസര്‍ക്കാര്‍ ഉറപ്പിക്കുന്നു. സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ഇനിയും മനസ്സു തുറന്നിട്ടില്ല. എന്‍ഡിഎയിലേക്ക് തിരികെ എത്താനുള്ള ബീഹാര്‍ ഭരിക്കുന്ന ജനതാദള്‍ യുണൈറ്റഡിന്റെ ആഗ്രഹങ്ങള്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പിന്തുണയോടെ സാക്ഷാത്ക്കാരമുണ്ടായേക്കും.
കര്‍ണ്ണാടകവും ഹിമാചല്‍ പ്രദേശും നാഗാലാന്റും മാത്രം ഭരിക്കുന്ന കോണ്‍ഗ്രസും കേരളവും ത്രിപുരയും ഭരിക്കുന്ന സിപിഎമ്മുമാണ് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തിറങ്ങുമെന്ന് ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവര്‍ക്കുമായി 20 മുതല്‍ 25 ശതമാനം വരെ വോട്ടാണുള്ളത്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയ മറ്റൊരു പാര്‍ട്ടി.
നിസ്സഹായരാണെന്ന് അറിയാമെങ്കിലും തങ്ങള്‍ക്ക് വലിയ റോളുണ്ട് ഇക്കാര്യങ്ങളിലൊക്കെ എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ഇടതുപാര്‍ട്ടികളെങ്കില്‍ ഏതുവിധേനയും മോദിയെ എതിര്‍ക്കുക എന്ന ബംഗാള്‍ രാഷ്ട്രീയം പയറ്റാനുള്ള മറ്റൊരു അവസരം മാത്രമായി തൃണമൂലും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കാണുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പെട്ടിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളുമാണ്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കാനുള്ള പാങ്ങുമില്ല എതിര്‍ക്കാനുമാവില്ല എന്നതാണ് കോണ്‍ഗ്രസ് ക്യാമ്പിലെ അവസ്ഥ.
രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി കൂടിയാലോചിക്കുകയെന്ന പതിവ് സ്വാതന്ത്രലബ്ധിയുടെ കാലം തൊട്ടേ കോണ്‍ഗ്രസിനില്ല. എക്കാലത്തും ഏകപക്ഷീയമായിട്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്. പല രാഷ്ട്രപതിമാരെയും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാര്‍ റബ്ബര്‍ സ്റ്റാമ്പിന്റെ വില പോലും നല്‍കാതെ കൈകാര്യം ചെയ്തതും ചരിത്രം. അവസാന രണ്ട് രാഷ്ട്രപതിമാരുടെ തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രം നോക്കിയാല്‍ മതി. 2007ല്‍ ഏറെ അപ്രതീക്ഷിതമായി പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികളുമായി ഫോണില്‍ പോലും ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അന്നത്തെ സര്‍ക്കാര്‍ ചെയ്തത്. 2012ല്‍ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമ്പോഴും ഇതു തന്നെയായിരുന്നു സ്ഥിതി. പ്രണബിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിക്കും ഇടതു പാര്‍ട്ടികള്‍ക്കുമെല്ലാം കോണ്‍ഗ്രസിന്റെ സന്ദേശം ലഭിക്കുന്നത്. സമവായത്തിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കുപോലുമുള്ള ജനാധിപത്യ മര്യാദ കോണ്‍ഗ്രസ് ഒരു രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോട് കാണിച്ചിട്ടില്ല.
എന്നാല്‍ ബിജെപിക്ക് അവസരം ലഭിച്ചപ്പോഴെല്ലാം പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെയും സമവായത്തോടെയുമാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന 1977ല്‍ നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതിയാക്കിയതു തന്നെ ഉദാഹരണം. ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയും രണ്ടുവട്ടം ലോക്‌സഭാ സ്പീക്കറുമായിരുന്ന കോണ്‍ഗ്രസ് നേതാവിനെ രാഷ്ട്രപതിയായി ഐകകണ്ഠ്യന അന്നത്തെ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുത്തത്. 2002ല്‍ ഇന്ത്യയുടെ മിസൈല്‍മാന്‍ ഡോ. എപിജെ അബ്ദുള്‍ കലാമിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാന്‍ ബിജെപി ശ്രമിച്ചു.
ഒടുവില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ രണ്ടാം നാള്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ അന്ന് ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്ഥാനാര്‍ത്ഥിയാക്കി കലാമിനെ എതിര്‍ക്കുകയായിരുന്നു ഇടതുപക്ഷം. 1987ല്‍ ഏറെ രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്ന കോണ്‍ഗ്രസിനെ സഹായിക്കാനായി വി.ആര്‍ കൃഷ്ണയ്യരെ മത്സരിപ്പിച്ച ചരിത്രവും ഇടതുപാര്‍ട്ടികള്‍ക്കുണ്ട്. ദയനീയമായ പരാജയമായിരുന്നു കൃഷ്ണയ്യര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.
ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ഝാര്‍ഖണ്ഡ് ഗവര്‍ണ്ണറും ഒറീസയില്‍ നിന്നുള്ള ദ്രൗപദി മുര്‍മു, ധാവര്‍ചന്ദ് ഗെലോട്ട് തുടങ്ങിയ നേതാക്കളുടെ പേരുകളാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. മലയാളിയായ മെട്രോമാന്‍ ഇ.ശ്രീധരനും വെങ്കയ്യ നായിഡുവും വരെ മാധ്യമങ്ങളുടെ പട്ടികയിലുണ്ട്. എന്നാല്‍ ഇത്തരം പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ ഗോപാല്‍കൃഷ്ണഗാന്ധി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ എന്നിവരാണ് പ്രതിപക്ഷത്തിന്റെ പട്ടികയിലുള്ളത്. ഏതെങ്കിലും ഒരു പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ മുന്നോട്ടു വെയ്ക്കാനുണ്ടോ എന്ന് കോണ്‍ഗ്രസ്-ഇടത് കക്ഷികളോട് ആലോചിക്കുന്നതിനായി പാര്‍ട്ടി ഓഫീസുകള്‍ കയറിയിറങ്ങിയ ബിജെപി നേതൃത്വത്തിന് പക്ഷേ അനുകൂലമായ മറുപടിയല്ല ലഭിച്ചിരിക്കുന്നത്. ബിജെപി ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ, പിന്തുണയ്ക്കുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ആര് എന്തു തീരുമാനിച്ചാലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഎം ലക്ഷ്യമിടുന്നു. രാഷ്ട്രീയത്തില്‍ സമവായത്തിലൂടെ തീരുമാനങ്ങളുണ്ടാകുന്നത് എക്കാലത്തും സിപിഎമ്മിന് അലര്‍ജിയാണ്.
സിപിഎമ്മിന്റെയോ സിപിഐയുടേയോ കേന്ദ്രഓഫീസുകള്‍ ദല്‍ഹിയിലെ റിക്ഷക്കാര്‍ക്കും ഓട്ടോക്കാര്‍ക്കും പോലും അറിയില്ലെന്ന് തമാശരൂപേണ പറയാറുണ്ടെങ്കിലും അത്തരം അയിത്തമൊന്നും കേന്ദ്രസര്‍ക്കാര്‍ ഇടതു പാര്‍ട്ടികളോടും കാണിച്ചിട്ടില്ല. എന്നാല്‍ എന്തിലും രാഷ്ട്രീയം കാണുന്ന സിപിഎമ്മിന് ഇത്തരം രാഷ്ട്രീയ മര്യാദകളില്‍ വിശ്വാസവുമില്ല. അവര്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുമായി വരാതിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.