വിമാനത്തില്‍ കൊതുക് ഉണ്ടെന്ന് പറഞ്ഞു, ജീവനക്കാര്‍ യാത്രക്കാരനെ പുറത്താക്കി

വിമാനയാത്രയ്ക്കിടയില്‍ പല രസകരങ്ങളായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ വിമാനത്തിനുള്ളില്‍ കൊതുകു കടിക്കുന്നുവെന്ന് പറഞ്ഞതിന് യാത്രക്കാരനെ ഇറക്കിവിട്ട സംഭവം ആദ്യമായിരിക്കും. ലക്‌നൗവില്‍നിന്നു ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയരും മുമ്പായിരുന്നു സംഭവം. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ സൗരഭ് റായ് എന്നയാളെയാണ് വിമാന അധികൃതര്‍ പുറത്താക്കിയത്. തനിക്ക് വിമാനത്തിനുള്ളില്‍ കൊതുകിന്റെ കടിയേറ്റെന്നും പണം കൊടുത്ത് യാത്ര ചെയ്യുന്നതിന് കൊതുകിന്റെ കടി കൊള്ളാന്‍ സാധിക്കില്ലെന്നും സൗരഭ് പറഞ്ഞു. എന്നാല്‍ സൗരഭിന്റെ നിലപാടുകളെ തള്ളുന്ന പ്രതികരണമാണ് വിമാന അധികൃതര്‍ നല്‍കിയത്. വിമാനത്തില്‍ ബഹളം വെച്ച ഇയാള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. വിമാനം നശിപ്പിക്കാന്‍ മറ്റു യാത്രക്കാരോടു സൗരഭ് ആവശ്യപ്പെട്ടു. ഇതിനിടെ ‘ഹൈജാക്ക്’ എന്ന വാക്ക് ഉപയോഗിച്ചതിനാണു സുരക്ഷാ കാരണങ്ങളാല്‍ സൗരഭിനെ പുറത്താക്കിയതെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. അതേസമയം വിമാനത്തിലെ ജീവനക്കാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് സൗരഭ് ആരോപിച്ചു. വിമാനത്തിനുള്ളില്‍ കൊതുകുകള്‍ ഉണ്ടെന്ന് പരാതിപ്പെടുക മാത്രമാണ് താന്‍ ചെയ്തത്. തന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞ ജീവനക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഇന്‍ഡിഗോ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top