കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പൈലറ്റുമാരെ കണ്ടെത്താനായില്ല; രക്ഷപ്പെട്ടിരിക്കാന്‍ സാധ്യത

ഗുവാഹത്തി: മലയാളി പൈലറ്റുമായി കാണാതായ സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. ഏറ്റവും ഒടുവില്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായതിനു തൊട്ടടുത്തുള്ള ഉള്‍വനത്തില്‍നിന്നാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതെന്നാണ് സൂചന. അതേസമയം, വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. തകര്‍ന്ന വിമാനത്തില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. കരസേനയും വ്യോമസേനയും അസം, അരുണാചല്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളില്‍ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു.

ചൊവ്വാഴ്ചയാണ് ചൈനീസ് അതിര്‍ത്തിയ്ക്ക് സമീപം തേസ്പുര്‍ വ്യോമത്താവളത്തില്‍നിന്നു പരിശീലനപ്പറക്കല്‍ നടത്തിയ സുഖോയ് വിമാനം അപ്രത്യക്ഷമായത്. പിന്നീട് സൈന്യം നടത്തിയ തെരച്ചിലില്‍ വിമാനത്തിന്റെ ചില അവശിഷ്ടങ്ങള്‍ അരുണാചല്‍ അതിര്‍ത്തിയിലെ സിഫാ താഴ്‌വരയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തേസ്പുരില്‍ നിന്നു 60 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

തിരുവനന്തപുരം പോങ്ങുംമൂട് ഗൗരിനഗര്‍ അളകയില്‍ എസ്.അച്ചുദേവ് (25) ആയിരുന്നു വിമാനത്തെ നിയന്ത്രിച്ചിരുന്നത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ ദിവേശ് പങ്കജും സഹപൈലറ്റായി കൂടെയുണ്ടായിരുന്നു. അതേസമയം, പോര്‍വിമാനത്തിന് തകരാറുണ്ടായാല്‍ രക്ഷപ്പെടാന്‍ നിരവധി സംവിധാനങ്ങളുണ്ടെന്നും, ഇരുവും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടിരിക്കാമെന്നുമാണ് വ്യോമസേനാ അധികൃതര്‍ വിശദീകരിക്കുന്നത്.അതിനാല്‍ തന്നെ ഇവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സേന.

മേയ് 23ന് രാവിലെ 9.30ഓടെ പറന്നുയര്‍ന്ന വിമാനം അരുണാചല്‍പ്രദേശിലെ ദൗലാസാംഗ് പ്രദേശത്ത് വച്ച് റേഡിയോ ബന്ധം നഷ്ടമാവുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു. 11.30നാണ് വിമാനത്തില്‍ നിന്ന് അവസാനമായി സിഗ്‌നല്‍ ലഭിച്ചത്. ആസാമില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ തേസ്പൂരില്‍ ആയിരുന്നു വിമാനം പറന്നു കൊണ്ടിരുന്നത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അരുണാചല്‍പ്രദേശത്തിലെ കൊടുംവനമേഖലയിലേക്ക് പാഞ്ഞ് നിലംപതിക്കുകയായിരുന്നു.

Top