ട്രയിൻ പോലുമില്ലാത്ത നാട്ടിൽ നിന്നും ആകാശം കീഴടക്കിയ ആദിവാസി പെൺകുട്ടി; രാജ്യത്തിന് മാതൃകയായി അനുപ്രിയ ലക്ര

ഭുവനേശ്വര്‍: റെയില്‍വേ പാളം പോലും കണ്ടിട്ടില്ലാത്ത സ്ഥലത്തുനിന്നും ഒരു ആദിവാസി പെൺകുട്ടി ആകാശം കീഴടക്കാൻ ഒരുങ്ങുന്നു. ഒഡീഷയിലെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള മാല്‍ക്കന്‍ഗിരിയില്‍ നിന്നുള്ള അനുപ്രിയ മധുമിത ലക്രയാണ് വാണിജ്യ വിമാനങ്ങള്‍ പറത്താനുള്ള യോഗ്യത നേടി രാജ്യത്തെ പെൺകുട്ടികൾക്കാകെ മാതൃകയായിരിക്കുന്നത്.

രാജ്യത്ത് ഇത്തരം ഒരു നേട്ടത്തിലെത്തുന്ന ആദ്യ ആദിവാസി യുവതി എന്ന നിലയിലാണ് അനുപ്രിയയുടെ നേട്ടം. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കോ-പൈലറ്റായി 23-കാരിയായ അനുപ്രിയ ഈ മാസം അവസാനത്തോടെ ചുമതലയേല്‍ക്കും. ഇന്ത്യയിലെ പല യുവാക്കളുടെ സ്വപ്നമായ എഞ്ചിനീയറിംഗ് തട്ടിക്കളഞ്ഞായിരുന്നു അനുപ്രിയ പൈലറ്റാകാനുള്ള ആഗ്രഹത്തിലേക്ക് എത്തിയത്. മാല്‍ക്കന്‍ഗിരിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ​ശേഷം ഭുവനേശ്വറിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാഭ്യാസ കാലത്താണ് പൈലറ്റാകാനുള്ള മോഹം കുടിയേറിയത്.

2012 ലായിരുന്നു എഞ്ചിനീയറിംഗ് മോഹം വിട്ട് ഭുവനേശ്വറിലെ സര്‍ക്കാര്‍ എവിയേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനു കയറിയത്. ഏഴു വര്‍ഷം അമ്മാവന്റെ സഹായം കൊണ്ടും വിദ്യാഭ്യാസ വായ്പ കൊണ്ടും അനുപ്രിയ സ്വപ്നം സാക്ഷാത്ക്കരിച്ചു. പിതാവ് മിരിനിയാസ് ലര്‍ക്ക ഒഡീഷാ പോലീസിലെ കോണ്‍സ്റ്റബിളാണ്. ‘‘എല്ലാ പെണ്‍കുട്ടികള്‍ക്കും മകള്‍ ഒരു പ്രചോദനമാകണമന്ന് ആഗ്രഹിച്ചിരുന്നു. സ്വപ്‌നം കണ്ടത് എന്താണോ, അവള്‍ അത് നേടി. പെണ്‍മക്കളെ പിന്തുണയ്ക്കണമെന്ന് എല്ലാ മാതാപിതാക്കളോടും ആവശ്യപ്പെടുന്നു.’’ മാതാവ് ജിമാജ് യാഷ്മിന്‍ ലക്ര പറഞ്ഞു.

അനുപ്രിയയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉള്‍പ്പെടെയുള്ള പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്. അനുപ്രിയയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഒഡിഷയിലെ 4.2 കോടി ജനസംഖ്യയില്‍ 22.95 ശതമാനം പേരും ആദിവാസികളാണ്. ഇവരില്‍ 41.20 ശതമാനം പേര്‍ മാത്രമേ സാക്ഷരത നേടിയിട്ടുള്ളൂ.

Top