ബോംബ് ഭീഷണി: ഫ്രാന്‍സ് വിമാനം കെനിയയില്‍ ഇറക്കി

നൈറോബി: മൊറീഷ്യസില്‍നിന്ന് പാരിസിലേക്ക് പോവുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനം  സ്ഫോടകവസ്തുവെന്നു സംശയിക്കുന്ന ഉപകരണം ടോയ്‌ലറ്റില്‍ കണ്ടതിനെ തുടര്‍ന്നു കെനിയയിലെ മൊംബാസ മോയി രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.ബോംബ് വിദഗ്ധര്‍ അതു സ്ഫോടകവസ്തുവാണെന്ന് സ്ഥിരീകരിച്ചെന്നും വിമാനത്താവളത്തില്‍നിന്ന് അകലെ കൊണ്ടുപോയി നിര്‍വീര്യമാക്കിയെന്നും കെനിയ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 12.37ന് ആണ് 459 യാത്രക്കാരും 14 ജീവനക്കാരുമുള്ള ബോയിങ് 777 വിമാനം അടിയന്തരമായി ഇറക്കിയത്.വിമാനത്തിലെ ശൗചാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു ഭീഷണി. കെനിയന്‍ തീരപ്രദേശമായ മൊംബാസയിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്.
ബോംബ് വെക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഉപകരണം നീക്കംചെയ്തതായും മറ്റു വിമാനങ്ങളുടെ യാത്രയെ ബാധിച്ചിട്ടില്ളെന്നും വിമാനത്താവള അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തിലെ ശൗചാലയത്തില്‍നിന്ന് സംശയാസ്പദമായ വസ്തു കണ്ടെടുത്തതായും ഇത് നിര്‍ജീവമാക്കിയതായും മൊംബാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കരീം റജാന്‍ പറഞ്ഞു.
അടിയന്തരമായി വിമാനമിറക്കിയതിനെ തുടര്‍ന്ന് സുരക്ഷാകാരണത്താല്‍ വിമാനത്താവളമടച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു യാത്രക്കാരെ ചോദ്യം ചെയ്തതായി കെനിയന്‍ പൊലീസിനെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാര്‍ സംശയാസ്പദമായ വസ്തു കണ്ടതിനെ തുടര്‍ന്ന് കാബിന്‍ ജീവനക്കാരെ വിവരമറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം പൈലറ്റ് മൊംബാസ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുമായായിരുന്നു. കുറച്ച് യാത്രക്കാരെ ചോദ്യം ചെയ്തതായി കെനിയന്‍ ആഭ്യന്തരമന്ത്രി ജോസഫ് കെയ്സറി വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ടെടുത്ത വസ്തുവിന്‍െറ നിജസ്ഥിതിയെപ്പറ്റി ഫ്രാന്‍സുമായും മൊറീഷ്യസുമായും ചേര്‍ന്ന് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ നവംബര്‍ 13ന് നടന്ന 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുശേഷം സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 31ന് നടന്ന 224 റഷ്യന്‍യാത്രക്കാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടർന്ന് മൊംബാസ മോയി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഏറെ നേരം തടസ്സപ്പെട്ടു. എന്നാൽ ടോയ്‌ലറ്റിൽ കണ്ടെത്തിയത് ബോംബാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്ന് മറ്റൊരു റിപ്പോർട്ടുണ്ട്.

Top