ഐഎന്‍എല്ലിലെ പിളര്‍പ്പ് മന്ത്രിയുടെ രാജിയിലേക്ക്..പിടിഎ റഹീം ഐഎൻഎൽ അക്കൗണ്ടില്‍ മന്ത്രിയാകും ? സിപിഎം തീരുമാനം നിര്‍ണ്ണായകം

തിരുവനന്തപുരം : ഐഎൻഎൽ മന്ത്രിയും പാർട്ടിയും ഇടതുമുന്നണിയിൽ നിന്നും പുറത്ത് പോകും.പിളർപ്പ് പാർട്ടിയെ ഇല്ലാതാക്കുന്ന തരത്തിലേക്ക് വളർന്നിരിക്കുകയാണ് . ഒരു മാസമായി നീണ്ട് നില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് ഐഎന്‍എല്‍ രണ്ട് വിഭാഗങ്ങളായി പിളര്‍ന്നിരിക്കുന്നത് . സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി പിളര്‍ന്നിരിക്കുന്നത്.അതോടെ ഐഎൻഎൽ ഇടതു മുന്നണിക്കു വലിയ തലവേദനയായിരിക്കയാണ് . ഐഎൻഎല്ലിൽ ഉണ്ടായ പിളർപ്പിൽ സിപിഎം കടുത്ത പ്രതിരോധത്തിലാണ് .ഏതു വിഭാഗത്തെ കൊള്ളണം തള്ളണം, എന്നത് കടുത്ത തലവേദനയിൽ ആണ് . രണ്ടു കൂട്ടരും ഒരുമിച്ചു പോകണമെന്നാണു സിപിഎം ആവശ്യപ്പെടുന്നത്.രാവിലെ കൊച്ചിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിലെ സംഘര്‍ഷത്തിന് പിന്നാലെ ഇരുവിഭാഗവും പരസ്പരം പുറത്താക്കിയതായി അറിയിച്ച് രംഗത്ത് എത്തുകയായിരുന്നു. അബ്ദുൽ വഹാബും കാസിം ഇരിക്കൂറും സമാന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ച് ചേര്‍ത്തു.

പാർട്ടികൾ പിളർന്നാൽ രണ്ടു കൂട്ടരെയും തൽക്കാലത്തേക്കെങ്കിലും മുന്നണിയിൽ നിന്നു പുറത്തു നിർത്തുന്ന രീതി സിപിഎം പിന്തുടരാറുണ്ട്. പിന്നീട് ഔദ്യോഗിക വിഭാഗം എന്ന വിശേഷണം ആർജിക്കുന്നവരെ മുന്നണിയിലേക്കു പരിഗണിച്ചാലായി. കേരള കോൺഗ്രസിലെ പി.സി.തോമസ് വിഭാഗം പിളർന്നപ്പോൾ ഒരു വിഭാഗത്തെ മുന്നണി യോഗത്തിൽ നിന്ന് ഇറക്കിവിട്ട ചരിത്രവുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുള്‍ വഹാബ് വിഭാഗം അറിയിച്ചു. പുതിയ ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും വഹാബിനെ അഖിലേന്ത്യാ അധ്യക്ഷന്‍ പുറത്താക്കിയെന്ന അറിയിപ്പുമായി ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂറും രംഗത്ത് എത്തുകയായിരുന്നു

ഐഎൻഎല്ലിന്റെ കാര്യത്തിൽ രണ്ടു വിഭാഗങ്ങളെയും എൽഡിഎഫിൽ എടുക്കാൻ ഒരു സാധ്യതയുമില്ല. പാർട്ടിയുടെ ഏക എംഎൽഎയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ആ വിഭാഗത്തിനു മേൽക്കൈ ലഭിച്ചേക്കാം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഇവർക്കാണെന്ന സൂചനയുണ്ട്. പക്ഷേ, പാർട്ടി ഭാരവാഹികളും ജില്ലാ ഘടകങ്ങളും പ്രവർത്തകരും എല്ലാം തങ്ങൾക്കൊപ്പം എന്നാണു രണ്ടു വിഭാഗങ്ങളും അവകാശപ്പെടുന്നത്. മലബാർ മേഖലയിലെ ജില്ലാ ഘടകങ്ങളോടും നേതാക്കളോടും സിപിഎം അഭിപ്രായം തേടിയേക്കും.

ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയും അവരുടെ മന്ത്രിയും എന്ന നിലയിൽ മന്ത്രിസഭയിൽ നിന്നു തിരക്കിട്ട് ഒഴിവാക്കാൻ സാധ്യത കുറവാണ്. എന്നാൽ മന്ത്രിയെ അനുകൂലിക്കുന്നവർ പാർട്ടിയിൽ ദുർബലരാണ് എന്നു തെളിയിക്കപ്പെട്ടാൽ കടുത്ത തീരുമാനം എൽഡിഎഫിന് എടുക്കേണ്ടിയും വരും.

ഘടകകക്ഷി അംഗത്വവും മന്ത്രിപദവും കൊടുത്തപ്പോൾ സിപിഎം നേതൃത്വത്തിനു കൊടുത്ത വാക്ക് ഐഎൻഎൽ തെറ്റിച്ചു. മുസ്‌ലിംലീഗിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്താനും ലീഗിലെ കൂടുതൽ പേരെ ഇടതു പാളയത്തിലേക്ക് എത്തിക്കാനും എല്ലാ ശ്രമവും നടത്തുമെന്നായിരുന്നു അവർ നൽകിയ ഉറപ്പ്. രണ്ടര വർഷത്തേക്ക് ആണെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചതോടെ ഐഎൻഎല്ലിൽ ചേരുന്നവരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. അതിനിടയിലാണു പാർട്ടിയിലെ ആഭ്യന്തര തർക്കം എല്ലാ സീമകളും ലംഘിച്ചത്.

തർക്കം രൂപപ്പെട്ടപ്പോൾ ഇരുവിഭാഗങ്ങളെയും എകെജി സെന്ററിലേക്കു സിപിഎം വിളിച്ചു വരുത്തിയിരുന്നു. മുന്നണിയുടെ പ്രതിഛായ കളയാതെ ഐക്യത്തോടെയും അച്ചടക്കത്തോടെയും പോകണമെന്ന താക്കീതു നൽകി വിട്ടയച്ചു. തുടർന്നു യോജിച്ച് മാധ്യമപ്രവർത്തകരെ കണ്ട ഇരു വിഭാഗം നേതാക്കളും പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് അവകാശപ്പെട്ടത്.സ്കറിയാ തോമസിന്റെ നിര്യാണത്തെ തുടർന്ന് എൽഡിഎഫിൽ ഘടകകക്ഷിയായ ആ കേരള കോൺഗ്രസ് വിഭാഗവും പിളർന്നിരുന്നു. മറു കൂട്ടരെ മുന്നണിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗങ്ങളും എൽഡിഎഫിനു കത്തു നൽകിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് ഐഎൻഎല്ലിലെ പൊട്ടിത്തെറി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ മത്സരിച്ച ഐഎന്‍എല്ലിന് കോഴിക്കോട് സൗത്ത് സീറ്റില്‍ വിജയിക്കാനും സാധിച്ചു. സംസ്ഥാന സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലായിരുന്നു വിജയി. തുടര്‍ന്ന് ടേം വ്യവസ്ഥയിലാണെങ്കിലും ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം നല്‍കാന്‍ മുന്നണി തീരുമാനിച്ചതോടെ പാര്‍ട്ടിക്ക് ആദ്യമായി സംസ്ഥാന മന്ത്രിസഭയില്‍ ഇടം പിടിക്കാനും സാധിച്ചു.എന്നാല്‍ അന്ന് മുതല്‍ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഇന്നത്തെ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. ഏക എംഎല്‍എയായ അഹമ്മദ് ദേവര്‍ കോവില്‍ കാസിം ഇരിക്കൂര്‍ പക്ഷക്കാരനാണ്. എന്നാല്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗം എപി അബ്ദുള്‍ വഹാബിനൊപ്പവും. പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലിലെ 112 അംഗങ്ങളില്‍ 72 പേര്‍ കൂടെയുണ്ടെന്നാണ് വഹാബ് പക്ഷം അഭിപ്രായപ്പെടുന്നു.

62 പ്രവർത്തക സമിതി അംഗങ്ങളിൽ 32 പേരും കൂടെയുണ്ടെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കി. നിലവിലെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം ലീഗിന്‍റെ നീക്കമുണ്ടെന്നാണ് ഇരു വിഭാഗവും ആരോപിക്കുന്നത്. ഐഎന്‍എല്‍ പ്രവര്‍ത്തകരെ സ്വാഗതം ചെയ്ത് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തിയത് കാസിം ഇരിക്കൂറും വഹാബും ഒരു പോലെ ഉയര്‍ത്തിക്കാട്ടുന്നുവെന്നതും ശ്രദ്ധേയമാണ്.

ഐഎന്‍എല്ലിലെ തര്‍ക്കത്തില്‍ സിപിഎം നേരത്തെ ഇടപെടുകയും നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അവിടം കൊണ്ടും പ്രശ്നം തീര്‍ന്നില്ല. ഒടുവില്‍ മുന്നണിക്ക് ആകെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലേക്ക് വളര്‍ന്ന പ്രശ്നത്തില്‍ സിപിഎം എന്ത് നിലപാട് എടുക്കും എന്നതാണ് ശ്രദ്ധേയം.

പ്രബല വിഭാഗം എന്നതിനാല്‍ അബ്ദുള്‍ വഹാബിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം തീരുമാനിച്ചാല്‍ കാസിം ഇരിക്കൂര്‍ വിഭാഗം പുറത്താവും എന്ന് മാത്രമല്ല അഹമ്മദ് ദേവര്‍ കോവിലിന് മന്ത്രി സ്ഥാനം നഷ്ടമാവുകയും ചെയ്യും. അതേസമയം അഹമ്മദ് ദേവര്‍ കോവില്‍ പുറത്ത് പോയാല്‍ ഒരു എംഎല്‍എയുടെ പിന്തുണ മുന്നണിക്ക് നഷ്ടമാവുകയും ചെയ്യും.2006 ല്‍ കോഴിക്കോട് സൗത്തില്‍ നിന്നും പിഎംഎ സലാം ഐഎന്‍എല്‍ ടിക്കറ്റില്‍ വിജയിച്ചിരുന്നു. അന്നും പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവുകയും പിഎംഎ സലാം ലീഗിലേക്ക് തിരിച്ച് പോവുകയും ചെയ്തിരുന്നു. സമാനമായ ഒരു സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.മുന്നണിയില്‍ നിന്നും പുറത്താക്കിയാല്‍ അഹമ്മദ് ദേവര്‍ കോവിലും കാസിം ഇരിക്കുറും ലീഗിലേക്ക് പോവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എല്‍ഡിഎഫ് അംഗീകാരം ലഭിച്ചാലുടന്‍ അഹമ്മദ് ദേവര്‍ കോവിലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് വഹാബ് പക്ഷം ആവശ്യപ്പെടും. തുടര്‍ന്ന് ഐഎന്‍എല്‍ അക്കൗണ്ടില്‍ പിടിഎ റഹീം എംഎല്‍എയെ മന്ത്രിയാക്കാനും നീക്കമുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

Top