ഇരിട്ടി ടൗൺ വാർഡിൽ LDF സ്ഥാനാർത്ഥിയായി ആദ്യകാല വ്യാപാരി മെരടൻ അസ്സൂട്ടി

ഇരിട്ടി ടൗൺ ഉൾപ്പെടുന്ന ഇരിട്ടി നഗരസഭ ഒൻപതാം വാർഡിൽ LDF സ്ഥാനാർത്ഥിയായി ഇരിട്ടിയിലെ ആദ്യകാല വ്യാപാരികളിൽ ഒരാളായ മെരടൻ അസ്സൂട്ടി മത്സരിക്കും. കഴിഞ്ഞ 40 വർഷത്തിലേറെയായി ഇരിട്ടി ടൗണിലെ ടെക്സ്റ്റൈൽ വ്യാപാരികൂടിയാണ് സ്വപ്‍ന അസ്സൂട്ടി എന്നറിയപ്പെടുന്ന മെരടൻ അസ്സൂട്ടി. ഇരിട്ടി നഗരത്തിന്റെ ചരിത്രം അറിയുന്ന, വളർച്ച നോക്കിക്കണ്ടിട്ടുള്ള വ്യക്തികൂടിയായ അസ്സൂട്ടിക്ക് ഇരിട്ടിയുടെ പ്രശ്നങ്ങളെക്കുറിച്ചും അവയ്ക്ക് വേണ്ട പരിഹാരങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. വിവിധ വ്യാപാരി സംഘടനകളുടെയും മറ്റിതര സംഘടനകളുടെയും ഭാരവാഹി കൂടിയായ അസ്സൂട്ടി ഏറെക്കാലമായി പൊതുപ്രവർത്തനത്തിൽ സജീവമാണെങ്കിലും പാർലിമെന്ററി രാഷ്ട്രീയത്തിൽ ഇതാദ്യമായാണ്.

കണ്ണൂർ എയർപോർട്ട് കൂടി വന്നതോടെ ഇരിട്ടിയും അതിവേഗ വികസനത്തിന്റെ പാതയിലാണ്. സ്ഥലപരിമിതി തന്നെയാണ് നഗരം നേരിടുന്ന പ്രധാന പ്രശ്നം. ഇരിട്ടിയിലെ പുതിയ പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു വിധം പരിഹാരമാകും. എങ്കിലും ബ്രിട്ടീഷുകാർ നിർമ്മിച്ച ഇരിട്ടിപ്പാലം ഒരു ചരിത്ര സ്മാരകമായി സംരക്ഷിക്കേണ്ടതുണ്ട്. ഈ നഗരത്തിലെ ഓരോ സ്ഥലവും ഓരോ വ്യക്തിയും തനിക്ക് ഏറെ സുപരിചിതമാണ്. എന്നും നേരിൽക്കാണുന്നവർ. തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും കഴിച്ചുകൂട്ടിയ ഇരിട്ടിയുടെ വികസനത്തിനുവേണ്ടി ഏറ്റവും മികച്ച രീതിയിൽ തന്നെ തനിക്ക് പ്രവർത്തിക്കാൻ സാധിക്കും എന്നുറപ്പാണ്. അടിസ്ഥാന വികസനത്തിലൂന്നിയ ഒരു വികസന രൂപ രേഖയാണ് ഇരിട്ടിക്ക് ഏറ്റവും അനുയോജ്യം എന്നും അസ്സൂട്ടി പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട അസ്സൂട്ടിക്കയെ തന്നെ സ്ഥാനാർത്ഥിയായി ലഭിച്ചതിൽ ഏറെ സന്തുഷ്ടരാണ് ഇരിട്ടിയിലെ നാട്ടുകാരും വ്യാപാരികളും തൊഴിലാളികളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top