കൊച്ചി: താരസംഘടനയായ അമ്മയില്‍നിന്നും നാലു നടിമാര്‍ രാജിവച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് മുന്‍ പ്രസിഡന്റ് ഇന്നസെന്റ് എംപി. ഇക്കാര്യത്തില്‍ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ ആണ് മറുപടി പറയേണ്ടതെന്നും ഇന്നസെന്റ് പറഞ്ഞു. എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ‘അമ്മ’ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാലു പേര്‍ അമ്മയില്‍ നിന്നും രാജി വച്ചത്. ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സംഘടനയില്‍ പുറത്തു പോകാനുളള തീരുമാനമെടുത്തത്. ഇവര്‍ മൂന്ന് പേരും ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവ്’ അംഗങ്ങളുമാണ്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫെയ്ബുക്ക് പേജിലൂടെയാണ് നടിമാര്‍ രാജിക്കാര്യം അറിയിച്ചത്.
തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ അമ്മയിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി എന്നാണ് ആക്രമിക്കപ്പെട്ട നടി പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിനു മുന്പ് ഈ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും നടി പറയുന്നു. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍ താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വയ്ക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.