മുല്ലപ്പള്ളി രാമചന്ദ്രനെ വെട്ടാൻ കെണിവച്ച് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ വെട്ടിൽ തലയറ്റ് പോകാതെ നെട്ടോട്ടം ഓടി മുല്ലപ്പള്ളി രാമചന്ദ്രൻ. മുല്ലപ്പള്ളി രാമചന്ദ്രനെ രമേശ് ചെന്നിത്തല സ്നേഹിച്ചു കൊല്ലാക്കൊല ചെയ്യുമോ?
ഹെറാൾഡ് ന്യൂസ് ടിവി മാനേജിംഗ് എഡിറ്റർ എസ് വി പ്രദീപ് ൻറെ രാഷ്ട്രീയ അന്വേഷണ അവലോകനം.
മുല്ലപ്പള്ളി രാമചന്ദ്രൻ വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഏറെ ആഗ്രഹിച്ച് പ്രോത്സാഹിപ്പിക്കുന്നത് രമേശ് ചെന്നിത്തലയാണ്. നേരിട്ടും അല്ലാതെയും മുല്ലപ്പള്ളി രാമചന്ദ്രൻറെ സ്ഥാനാർത്ഥിത്വത്തിനായി ഏറെ വാദിക്കുന്നത് രമേശ് ചെന്നിത്തലയാണ്. ലോകസഭ സ്ഥാനാർത്ഥി നിർണയ ചർച്ച എപ്പോ നടന്നാലും ആദ്യം രമേശ് ചെന്നിത്തല അറിഞ്ഞോ അറിയാതെയോ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കേണ്ടതിൻറെ ആവശ്യകത എടുത്തിടും. വിജയസാധ്യതയുള്ള നേതാക്കൾ പരമാവധി മത്സര ഗോദയിൽ ഉണ്ടാകണമെന്നാണ് ചെന്നിത്തലയുടെ വാദഗതി. ചെന്നിത്തല നേരിട്ടല്ലാത്തപ്പോൾ സാന്ദർഭികമായി ചെന്നിത്തലയുടെ വിശ്വസ്തർ ഇക്കാര്യം അവതരിപ്പിക്കും.
രമേശ് ചെന്നിത്തലയുടെ മുല്ലപ്പള്ളി രാമചന്ദ്രൻ സ്നേഹവും അമിതാവേശവും മുല്ലപ്പള്ളി രാമചന്ദ്രനെ കെണിവച്ച് വെട്ടിമാറ്റാൻ എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻറെ അനുയായികൾ വിലയിരുത്തുന്നത്. മുല്ലപ്പള്ളിയും അങ്ങനെതന്നെ വിലയിരുത്തുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനിറക്കിയാൽ രമേശ് ചെന്നിത്തലയെ സംബന്ധിച്ച് ഒരു വെടിക്ക് പല പക്ഷികൾ എന്ന അവസ്ഥയാണ്. ഇത് മുൻകൂട്ടിക്കണ്ട് വളരെ സൂക്ഷ്മതയോടെയും കരുതലോടെയുമാണ് മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടരും കരുക്കൾ നീക്കുന്നത്.
നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറെ നേട്ടമുണ്ടാക്കാൻ സാധിക്കും എന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരെ പോലെ പാർട്ടിയും വിലയിരുത്തുന്നത്. നല്ല മുന്നേറ്റം കോൺഗ്രസ് സൃഷ്ടിക്കും. അങ്ങനെ ഒരു സാഹചര്യത്തിൽ കോൺഗ്രസ് ഏറെ മുന്നേറ്റം നടത്തി വൻ വിജയം നേടുകയാണെങ്കിൽ വിജയത്തിൻറെ ക്രഡിറ്റ് മുഴുവൻ കെ പി സി പ്രസിഡൻറായ മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടും. പ്രത്യേകിച്ചും തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മൊത്തം മണ്ഡലങ്ങളുടേയും പ്രചാരണ ക്യാപ്റ്റൻ എന്ന നിലയിൽ ആ വിജയം മുല്ലപ്പള്ളി രാമചന്ദ്രന് അവകാശപ്പെട്ടതാകും.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനം ഏറെ വിമർശനം ഏറ്റുവാങ്ങുന്നുണ്ട്.സ്വാഭാവികമായും ഈ അവസ്ഥകൾ പാർട്ടിയിലും നിയമസഭയിലും ചേരി സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. രണ്ട് വർഷം കഴിയുമ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് വരും. കേരളത്തിൽ മുന്നണികൾ മാറി മാറി അധികാരം കൈയ്യാളുന്ന രീതി വച്ച് അടുത്ത ടേം കേരള ഭരണം യുഡിഎഫ് നേടും. ലോകസഭ തെരഞ്ഞെടുപ്പ് വിജയം നൽകിയ ആത്മവിശ്വാസത്തിലും കെപിസിസി പ്രസിഡൻറ് എന്ന നിലയിലും മുല്ലപ്പള്ളി രാമചന്ദ്രൻ അജയ്യനാകും. അങ്ങനെയെങ്കിൽ രമേശ് ചെന്നിത്തല എന്നേ തുന്നി പാകപ്പെടുത്തി ഇസ്തിരിയിട്ട് വച്ചിരിക്കുന്ന മുഖ്യമന്ത്രി കുപ്പായം മുല്ലപ്പള്ളി രാമചന്ദ്രൻ എടുത്തണിയും. ചെന്നിത്തലയുടെ മുഖ്യമന്ത്രി കസേര എന്ന സ്വപ്നം അതോടെ എന്നെന്നേക്കുമായി അവസിനിക്കും.
ഈ അപകടം മുൻകൂട്ടികണ്ടാണ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രനെ വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അരയും തലയും മുറുക്കി കരുക്കൾ നീക്കുന്നത്. 1984 മുതൽ 1998 വരെ കണ്ണൂരിൽ നിന്നും 2009 ലും 2014 ലും വടകരയിൽ നിന്നും പാർലമെൻറിൽ എത്തിയ ആളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്മ്യൂണിസ്റ്റ് കോട്ടകളെ ഞരിച്ചമർത്തിയ രാഷ്ട്രീയ ട്രാക്ക് റെക്കോർഡാണ് പ്രമുഖ ഗാന്ധിയനും സ്വാതന്ത്യസമരസേനാനിയുമായ മുല്ലപ്പള്ളി ഗോപാലൻ മകൻ മുല്ലപ്പള്ളി രാമചന്ദ്രനുള്ളത്. മുല്ലപ്പള്ളിയുടെ ഈ മെരിറ്റിനെ തൻറെ ഭാവി നേട്ടത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നാണ് രമേശ് ചെന്നിത്തല കരുക്കൾ നീക്കി കണക്കുകൾ കൂട്ടിയും കിഴിക്കുകയും ചെയ്യുന്നത്.
ലോകസഭ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുകയാണെങ്കിൽ മത്സരിക്കുന്ന മണ്ഡലത്തിൽ മുല്ലപ്പള്ളിയെ തളച്ചിടാം. പ്രതിപക്ഷനേതേവ് എന്ന നിലയിൽ മുഴുവൻ മണ്ഡലങ്ങളുടേയും പ്രചാരണ ക്യാപ്റ്റൻ രമേശ് ചെന്നിത്തലയാകും. സ്വാഭാവികമായം പാർട്ടി നേടുന്ന വിജയത്തിൻറെ ക്രഡിറ്റ് ചെന്നിത്തലയ്ക്ക് അവകാശപ്പെടാം. മുല്ലപ്പള്ളിയെ ദൽഹിയിലേക്ക് കെട്ടുകെട്ടിക്കുക. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സുപ്രധാന വകുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ക്യാബിനറ്റ് റാങ്കോടെ മന്ത്രിയാകും. പിന്നെ 2019 മുതൽ 2024 വരെ അഞ്ച് വർഷം മുല്ലപ്പള്ളി ദൽഹിയിൽ ഓടിനടന്നോളും. രണ്ട് വർഷം കഴിഞ്ഞ് 2021 ൽ നടക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയാൽ എക്കാലത്തെയും വലിയ സ്വപ്നമായ മുഖ്യമന്ത്രി കസേര വലിച്ചിട്ടിരിക്കുകയും ചെയ്യാം. അതിന് മുല്ലപ്പള്ളി രാമചന്ദ്രൻ ലോകസഭയിലേക്ക് മത്സരിക്കണം. അത് നടക്കുമോ എന്നാണ് രമേശ് ചെന്നിത്തല ഉറ്റുനോക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രനും കളിയറിഞ്ഞാണ് കളിക്കുന്നത്. ഈ നിമിഷം വരെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോടും മനസ്സ് തുറന്നിട്ടില്ല. അവസാന നിമിഷം വരെ മനസ്സ് തുറക്കില്ല എന്നാണ് അടുത്ത അനുയായികൾ പറയുന്നത്. ഒളിഞ്ഞും തെളിഞ്ഞും മനസ്സറിയാൻ ശ്രമിക്കുന്നവർക്ക് തൻറെ ഏറെ ആകർഷകമായ കോഴിക്കോടൻ ചിരിചിരിച്ച് വിഷയം മാറ്റിവിടുകയാണ് മുല്ലപ്പള്ളി എന്ന രാഷ്ട്രീയ ചാണക്യൻ ചെയ്യുന്നത്.